കുവൈത്ത് സിറ്റി - സമീപകാല കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചക്ക് രാജ്യം സാക്ഷ്യം വഹഹിച്ചു. കുവൈത്തില്‍ പലയിടങ്ങളിലും ശക്തമായ മഴപെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. രാജ്യത്തെ നിരവധി റോഡുകള്‍ മഞ്ഞില്‍മൂടി. ഇതോടൊപ്പം കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായി താപനില പൂജ്യം ഡിഗ്രിക്കും താഴെയായി.
മഞ്ഞുവീഴ്ചയില്‍ കുവൈത്ത് നിവാസികള്‍ വിസ്മയം പ്രകടിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കുവൈത്തിലെ കാലാവസ്ഥ പാരീസിലെയും യൂറോപ്പിലെയും പോലെയായി മാറിയയതായി സ്വദേശികള്‍ അഭിപ്രായപ്പെട്ടു. കനത്ത മഴമൂലം കുവൈത്തിലെ ചില റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ദക്ഷിണ കുവൈത്തിലെ റോഡുകളിലാണ് വലിയ തോതില്‍ വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് ഏതാനും റോഡുകള്‍ ആഭ്യന്തര മന്ത്രാലയം അടച്ചു. പതിനഞ്ചു വര്‍ഷമായി കുവൈത്തില്‍ ശൈത്യ കാലത്ത് മഞ്ഞുവീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധനും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്‍ മേധാവിയുമായ മുഹമ്മദ് കറം പറഞ്ഞു.
വേനല്‍ക്കാലത്ത് കൊടുംചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. സാധാരണയില്‍ ഏറ്റവും കൂടി ചൂട് അനുഭവപ്പെടുന്നതിനും ആഴ്ചകള്‍ക്കു മുമ്പായി കഴിഞ്ഞ ജൂണില്‍ കുവൈത്തില്‍ ആദ്യമായി താപനില 50 ഡിഗ്രിക്കു മുകളിലേക്ക് ഉയര്‍ന്നിരുന്നു.