കണ്ണൂര്‍-സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി സന്തോഷകരമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
സി.ബി.ഐ വന്നതോടെ നീതി പൂര്‍വമായ അന്വേഷണമാണ് നടന്നത്.
സോളാര്‍ പീഡന കേസ് സി.ബി.ഐക്ക് വിട്ട പിണറായിയോട് നന്ദി പറയുന്നു- സുധാകരന്‍ പറഞ്ഞു.
ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറയുന്ന സി.പി.എം, അവരെ സംരക്ഷിക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകള്‍. ഡി.വൈ.എഫ്.ഐ, സി.പി. എം, എസ്.എഫ്.ഐ നേതാക്കള്‍ക്ക് ക്രിമിനലുകളുമായും ഗുണ്ടകളുമായും ലഹരിമാഫിയയുമായും അഭേദ്യമായ ബന്ധമാണുള്ളത്. പല സംഭവങ്ങളിലും ഇവര്‍ പ്രതികളാവുന്ന ഘട്ടം വന്നാല്‍ ആദ്യം തള്ളിപ്പറയുമെങ്കിലും പിന്നീട് സംരക്ഷിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
കൊടി സുനിക്കടക്കം ജയിലില്‍ വഴിവിട്ട സൗകര്യങ്ങളാണ് ചെയ്തു കൊടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് ഡി വൈ.എഫ്.ഐ നേതാവ് ഷാജര്‍ ട്രോഫി നല്‍കിയതില്‍ അത്ഭുതമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് 138 ാം ജന്മദിനം പ്രമാണിച്ച് കേരളത്തിലുടനീളം ബൂത്തുതലം വരെ 138 രൂപ ചലഞ്ചിന് ജനുവരി 26 ന് തുടക്കം കുറിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ വരെ ശക്തിപ്പെടുത്തുന്നതിനുള്ള വന്‍ പ്രചാരണ പ്ര വര്‍ത്തനങ്ങള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 138 ആം ജന്മദിനാഘോഷം കണ്ണൂര്‍ ഡി.സി.സിയില്‍ നടന്നു. ഡി.സി.സി അങ്കണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പതാക ഉയര്‍ത്തി. സേവാദള്‍ വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച അദ്ദേഹം സ്ഥാപക ദിന സന്ദേശം നല്‍കി സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടും പ്രവര്‍ത്തകരോടൊപ്പം ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ.ടി ഒ മോഹനന്‍, രമേശന്‍ കരുവാഞ്ചേരി പ്രൊഫ. എ.ഡി.മുസ്തഫ, കെ.സി മുഹമ്മദ് ഫൈസല്‍, കെ.പ്രമോദ്, രജനി രമാനന്ത്, രാജീവന്‍ എളയാവൂര്‍,
റഷീദ് കവ്വായി, ടി ജയകൃഷ്ണന്‍, എം കെ മോഹനന്‍, സുരേഷ് ബാബു എളയാവൂര്‍, ബിജു ഉമ്മര്‍, സി.വി.സന്തോഷ്, സി.ടി.ഗിരിജ കൂക്കിരി രാജേഷ്, സുദീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.