Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍; നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ്

കണ്ണൂര്‍- എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സഹായിച്ചെന്ന വാര്‍ത്ത തള്ളി മുസ്ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേട്ടയാടല്‍ തുടരുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലീഗ് നേതാവ് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

അബ്ദുല്‍ കരിം ചേലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്   

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകളുമായി കണ്ണൂരിലെ ഒരു വക്കീല്‍ രംഗത്തുവന്നിരിക്കുകയാണല്ലോ?കണ്ണൂരിലെ ഒരു വാര്‍ത്താചാനല്‍ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറിയായി പുറത്തുവിട്ട ഈ അപവാദം വക്കീല്‍ സ്വബോധത്തോടെ കൂടി പറഞ്ഞതായിരിക്കില്ല എന്നാണ് കരുതിയത്. എന്നാല്‍ 'മുസ്ലിം ലീഗിന്റെ പാവപ്പെട്ട അണികള്‍ക്ക് 'എന്ന ക്യാപ്ഷനോട് കൂടി ഇതേ വക്കീല്‍ മണിക്കൂറുകള്‍ക്ക് മുമ്പിട്ട എഫ്ബി പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടുകൂടി ഇതു സംബന്ധിച്ച് ഒരു പ്രതികരണം ആവശ്യമായി വന്നിരിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2012 ഫെബ്രുവരി 20 നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാര്‍ തടഞ്ഞു എന്ന വ്യാജ ആരോപണം ഉന്നയിച്ച് എം എസ് എഫ് നേതാവായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ സിപിഎം കിങ്കരന്മാര്‍ അറുകൊല ചെയ്തത്. അന്നുമുതല്‍ ഇന്നുവരെ ഷുക്കൂറിന്റെ കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് മുസ്ലിം ലീഗ് . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കും അനുസരിച്ച് ഒട്ടേറെ നിയമ പോരാട്ടങ്ങളാണ് ഇക്കാര്യത്തില്‍ ഷുക്കൂറിന്റെ കുടുംബവും മുസ്ലിം ലീഗും നടത്തിവരുന്നത് . സുപ്രീം കോടതിയിലടക്കം ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് മുസ്ലിം ലീഗ് നടത്തുന്ന കേസിന്റെ സാമ്പത്തിക ചെലവ് വരെ നിര്‍വ്വഹിച്ചത് മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്ന് വക്കീലിന് അറിയില്ലെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് അറിയാത്തതല്ല.

ഷുക്കൂര്‍ വധിക്കപ്പെട്ടിട്ട് 10 വര്‍ഷം കഴിഞ്ഞ ഘട്ടത്തിലാണ് കണ്ണൂരിലെ പ്രസ്തുത വക്കീല്‍ പുതിയ വെളിപാടുമായി രംഗത്ത് വന്നിട്ടുള്ളത്. 'അരിയില്‍ കേസില്‍ ഞാനായിരുന്നു കൊലപാതകത്തില്‍ ജയരാജന്റെ പങ്കിനെകുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടതെന്നുംഅന്നത്തെ ദിവസം രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നും പക്ഷേ ഈ ............. (വക്കീല്‍ ഉപയോഗിച്ച ഭാഷ ഞാനിവിടെ പറയുന്നില്ല)കണ്ണൂര്‍ എസ്പിയെ വിളിച്ച് പറഞ്ഞത് 302 IPC  വെക്കേണ്ട എന്നുമാണ് '  എന്നാണ് വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആകട്ടെ, കേരളം ആദരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെതിരെ ഒരു തറ വക്കീലിന്റെ ഭാഷയിലാണ് ഇയാള്‍ പ്രതികരിച്ചിട്ടുള്ളത്. ഷുക്കൂര്‍ വധിക്കപ്പെട്ടിട്ട് 10 വര്‍ഷത്തിനുശേഷം കണ്ണൂരിലെ ഈ വക്കീലിന് പുതിയൊരു വെളിപാട് ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. മുസ്ലിം ലീഗിന്റെ പാവപ്പെട്ട അണികളെ വൈകാരികമായി തൊട്ടുണര്‍ത്താന്‍ പാകത്തിലുള്ള ഒരു അപവാദം പ്രചരിപ്പിക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറങ്ങളിലെ കഥകള്‍ മാലോകര്‍ അറിയേണ്ടതുണ്ട്. വസ്തുതാപരമായ ഒരു പിന്‍ബലമോ,ഒരു തെളിവോ ഇല്ലാതെ വാര്‍ത്ത ചാനലിനു മുന്നില്‍ കവാത്ത് മറക്കുന്ന വക്കീലായി ഇയാള്‍ മാറിയത് എന്തുകൊണ്ടാണ് ?എന്തിന്റെ അടിസ്ഥാനത്തിലാണ് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അഭിമുഖത്തിന് ഇയാള്‍ തയ്യാറായത് എന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും  മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ട്.

കഴിഞ്ഞ ഒട്ടേറെ വര്‍ഷങ്ങളായി പി.കെ. കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത് അറിയാത്തവരല്ല, കേരളീയര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ എതിരാളികള്‍ തുടങ്ങിവെച്ച വേട്ടയാടലുകള്‍ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമേ ഇതില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നുള്ളൂ. എങ്കിലും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുക വഴി മുസ്ലിംലീഗിനെയും അതിന്റെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന ഈ വക്കീലിന്റെ പ്രതികരണത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുക തന്നെ ചെയ്യും.അതോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ പൊതുസമൂഹത്തിന് മുന്നില്‍ പുറത്തുകൊണ്ടുവരേണ്ടതുമുണ്ടെന്നും അബ്ദുല്‍ കരീം ചേലേരി ഫേസ് ബുക്കില്‍ കുറിക്കുന്നു.

 

Latest News