തിരുവനന്തപുരം :സി.പി.എം നേതാവ് ഇ പി ജയരാജനും കുടുംബത്തിനുമെതിരെ ഉയര്‍ന്ന റിസോര്‍ട്ടുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ പി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
ഇ.പി. ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ ആന്തൂരിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസഫ് വിജിലന്‍സിന് പരാതി നല്‍കിയത്.
നിയമം ലംഘിച്ചിച്ചുള്ള അനുമതികള്‍ നല്‍കാനായി ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത്.