കൊല്ലം-ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ വിചിത്രസഖ്യം. എല്‍.ഡി.എഫ്. നിയന്ത്രണത്തിലായിരുന്ന സംഘത്തില്‍ സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. കക്ഷികള്‍ കര്‍ഷകക്കൂട്ടായ്മ എന്ന പേരിലാണ് മത്സരിക്കുന്നത്. മറുഭാഗത്ത് സി.പി.ഐ. ഒറ്റയ്ക്കും. ഒന്‍പതംഗ ഭരണസമിതിയിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ഷകക്കൂട്ടായ്മയില്‍ മത്സരിക്കുന്നവര്‍ പാര്‍ട്ടികളുടെ നേതാക്കളല്ലെങ്കിലും അറിയപ്പെടുന്ന പ്രവര്‍ത്തകരാണ്. സി.പി.എം. അംഗങ്ങളായ അനില്‍കുമാര്‍, കെ.ഗോപിപ്പിള്ള, ബി.ജെ.പി. പഞ്ചായത്ത് സമിതി മുന്‍ പ്രസിഡന്റ് പദ്മനാഭക്കുറുപ്പ്, കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡന്റ് ശശിധരന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ജയപ്രഭ, സി.ഡി.എസ്.അംഗം സുശീല തുടങ്ങിയവരാണ് മത്സരിക്കുന്നത്. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും നിയന്ത്രണത്തിലായിരുന്ന സംഘത്തില്‍ നിയമനവിവാദവും അഴിമതി ആരോപണവും ഉയരുകയും ഭരണം നഷ്ടമാകുകയുമായിരുന്നു. നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ്.
എന്നാല്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സഖ്യമല്ലെന്നും കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മത്സരിക്കുന്നതെന്നുമാണ് സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. കക്ഷികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നത്.