മദീന - ഏഷ്യൻ രാജ്യക്കാരായ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മദീനക്കു സമീപം മറിഞ്ഞ് ഒമ്പതു പേർ മരിച്ചു. പതിനെട്ടു പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്ന് താഴേക്ക് തലകീഴ്‌മേൽ മറിയുകയായിരുന്നു. മക്ക-മദീന എക്‌സ്പ്രസ്‌വേയിൽ മദീനയിൽ നിന്ന് 96 കിലോമീറ്റർ ദൂരെ ഇന്നലെ രാവിലെ പത്തു മണിക്കാണ് അപകടം. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് മദീന റെഡ് ക്രസന്റ് വക്താവ് ഖാലിദ് അൽസഹ്‌ലി അറിയിച്ചു. ഹൈവേ പോലീസും റെഡ് ക്രസന്റ് യൂനിറ്റുകളും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.