Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ മോഡലില്‍ സ്റ്റാറായി സംസ്ഥാന പോലീസ്, വിയര്‍ത്ത് കസ്റ്റംസ്

കോഴിക്കോട് : സംസ്ഥാന പോലീസ് സേനയെക്കുറിച്ച് നിരന്തരം പരാതികളുയരുന്നതിനിടയില്‍ നെഞ്ചും വിരിച്ച് നില്‍ക്കുകയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ  പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍. സംസ്ഥാന പോലീസ് മേധാവിയുടെ ഗുഡ് ബുക്കിലാണ് ഇവരുടെ സ്ഥാനം. വിമാനത്താവളത്തിലെ കസ്റ്റംസുകാര്‍ തോല്‍ക്കുന്നിടത്താണ് ഇവിടുത്തെ പോലീസുകാര്‍ നേട്ടം കൊയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇവരുടെ പ്രാഥമിക ജോലിയെങ്കിലും ഇപ്പോഴത്തെ പ്രധാന പരിപാടി സ്വര്‍ണ്ണക്കടത്തുകാരെ കൈയ്യോടെ പൊക്കലാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസുകാരെയും അവര്‍ പരിശോധനയ്ക്കായി തയ്യാറാക്കിയിട്ടുള്ള ആധുനിക സംവിധാനങ്ങളെയുമെല്ലാം കബളിപ്പിച്ചതിന്റെ അഹങ്കാരത്തില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിന് പുറത്തേക്കിറങ്ങുമ്പോഴായിരിക്കും പോലീസുകാര്‍ പതുക്കെ കൂട്ടിക്കൊണ്ടുപോകുക. സംശയം തോന്നിയാല്‍ പിന്നെ ചോദ്യം ചെയ്യലും ദേഹപരിശോധനയുമായി ഒരു പൂട്ടങ്ങ് പൂട്ടും. കസ്റ്റംസുകാരുടെ എക്‌സറേ കണ്ണില്‍ പെടാത്ത സ്വര്‍ണ്ണം, അത് ഏത് രൂപത്തില്‍ എങ്ങനെ ഒളിപ്പിച്ചാലും പോലീസുകാര്‍ കണ്ടുപിടിക്കും. പിന്നെ കേരള പോലീസിന്റെ ബുദ്ധിക്ക് മുന്നില്‍ കസ്റ്റംസുകാര്‍ക്ക് സുല്ലിടുകയേ നിവൃത്തിയുള്ളൂ.
ഒരു കോടിയിലധികം വിലവരുന്ന ഒന്നേ മുക്കാല്‍ കിലോഗ്രാമിലേറെ സ്വര്‍ണ്ണം മിശ്രിതമാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ യുവതിയെ നിമിഷങ്ങള്‍ക്കുള്ളിലാണ് പോലീസ് പൊക്കിയത്. കസ്റ്റംസുകാരെ സമര്‍ത്ഥമായി വെട്ടിച്ച് പുറത്ത് കടന്ന കാസര്‍ഗോഡ് സ്വദേശിനിയായ മറിയം ഷഹലയെ കാത്തു നിന്നത് പോലീസുകാരായിരുന്നു. ഷഹല സ്വര്‍ണ്ണവുമായി എത്തുന്നതിന്റെ രഹസ്യ വിവരങ്ങള്‍ ലഭിച്ച് പോലീസ് അവരെ ചോദ്യം ചെയ്തപ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് വളരെ സ്വാഭാവികമായ അഭിനയമാണ് നടത്തിയത്. പക്ഷേ ഷഹലയുടെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് എല്ലാമറിയാവുന്ന പോലീസുകാര്‍ അവരെ വിടാന്‍ തയ്യാറായില്ല. വസ്ത്രമടക്കം പരിശോധിിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം നിറച്ച പാക്കറ്റുകള്‍ കണ്ടെത്തിയത്. കസ്റ്റംസുകാര്‍ തോറ്റിടത്ത് പോലീസുകാര്‍ തലയയുര്‍ത്തി നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസമായ ഇന്നലെ എട്ടുലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ വയനാട് സ്വദേശിനി ഡീനയേയും അവരുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടാക്കാനെത്തിയ സംഘത്തെയും അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷം ജനുവരി അവസാനത്തില്‍ മലപ്പുറം പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍  വിമാനത്താവള പരിസരത്ത് പോലീസിനെ വിന്യസിച്ചത്. നിലവില്‍ സ്വര്‍ണ്ണക്കടത്തുകാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പോലീസുകാര്‍. സ്വര്‍ണ്ണക്കടത്തുകാരെ മാത്രമല്ല, സ്വര്‍ണ്ണക്കടത്തിന് കൂട്ടു നിന്ന കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വരെ അവര്‍ എട്ടിന്റെ പണിയാണ് നല്‍കിയത്.
പണി തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് എത്തിയ 88 സ്വര്‍ണ്ണക്കടത്തുകാരെയാണ് പോലീസ് പിടികൂടിയത്. 35 കോടിയിലേറെ രൂപ വിലമതിക്കുന്ന 70 കിലോയോളം സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള ഏകദേശ കണക്ക്. വളരെ വലിയ നേട്ടമാണ് ചുരുങ്ങിയ കാലം കൊണ്ട്് കരിപ്പൂരിലെ പോലീസുകാര്‍ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഡി ജി പിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയതും. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഭീഷണിയായ കരിപ്പൂര്‍ മോഡല്‍ നിരീക്ഷണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും നടപ്പാക്കുമെന്ന് ഡി ജി പി അനില്‍കാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ ആരെയും വെല്ലുന്ന പ്രൊഫഷണല്‍ ബുദ്ധിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പഴയ കള്ളക്കടത്ത് രീതികളെല്ലാം മാറിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ഹൈടെക്കാണ്. എന്നാല്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസില്‍ ഉണ്ടായിട്ടില്ല. അവര്‍ ഇപ്പോഴും പഴയ സംവിധാനങ്ങളും മാര്‍ഗങ്ങളുമൊക്കെയാണ് പിന്തുടരുന്നത്. കള്ളക്കടത്തുകാരാകട്ടെ ഓരോ ദിവസവും പുതിയ തന്ത്രങ്ങളുമായാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമിറങ്ങുന്നത്. സ്വര്‍ണ്ണം ലായനിയായും പേസ്റ്റായും മിശ്രിതമായുമെല്ലാം മാറ്റി വസ്ത്രങ്ങളിലും വിവിധ ഉപകരണങ്ങളിലുമെല്ലാം തേച്ച് പിടിപ്പിച്ചാണ് ഇപ്പോഴത്തെ പ്രധാന കടത്ത്. ക്യാപ്‌സൂളുകളാക്കിയും ഇലക്ട്രിക് ഉപകരണങ്ങളുടെ പാര്‍ട്‌സുകളാക്കി മാറ്റിയും എക്‌സ്‌റേ കണ്ണുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ചില പ്രത്യേക ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞുമെല്ലാം സ്വര്‍ണ്ണം കടത്തുന്നുണ്ട്. പഴഞ്ചന്‍ എക്‌സറേ യന്ത്രങ്ങള്‍ക്കും സ്‌കാനിംഗ് യന്ത്രങ്ങള്‍ക്കുമൊന്നും ഇതൊന്നും കണ്ടെത്താനാകില്ല. ആധുനിക സങ്കേതങ്ങളെയടക്കം കള്ളക്കടത്തുകാര്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍  പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലരെയെങ്കിലും കൈക്കൂലി നല്‍കി സ്വാധീനിക്കാനും കള്ളക്കടത്തുകാര്‍ക്ക് കഴിയുന്നു.
എന്നാല്‍ എക്‌സറേ മെഷീനുകളോ, ക്യാമറ കണ്ണുകളോ ഒന്നുമല്ല വിമാനത്തവളത്തിന് പുറത്തുള്ള പോലിസിന്റെ തുറുപ്പ് ചീട്ട്. കള്ളക്കടത്തുകാരെക്കുറിച്ചുള്ള കൃത്യമായ രഹസ്യ വിവരം ശേഖരിച്ച് അതനുസരിച്ചുള്ള ആക്ഷനാണ് സ്വര്‍ണ്ണ കടത്തുകാരെ പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണവുമായി കള്ളക്കടത്ത് സംഘത്തിന്റെ കാരിയര്‍മാര്‍ വിമാനം കയറുമ്പോഴേക്കും ഇവിടെ പോലീസിന് വിവരം ലഭിക്കും. കള്ളക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യവും കുടിപ്പകയുമൊക്കെയാണ് ഇങ്ങനെ പരസ്പരം ഒറ്റു കൊടുക്കുന്നതിനുള്ള കാരണങ്ങള്‍. സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം കൂടുന്നതിനനുസരിച്ച് പോലീസുകാര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ എണ്ണവും കൂടും. കിട്ടുന്ന വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കാനും പോലീസിന് കഴിയുന്നുണ്ട്.
പോലീസുകാര്‍ സ്വര്‍ണ്ണം പിടികൂടിയാലും അതിന്റെ അന്വേഷണ ചുമതലകളും മറ്റു നടപടികളുമെല്ലാം കസ്റ്റംസ് വകുപ്പ് തന്നെയാണ് കൈകാര്യം ചെയ്യുക ഇതിനായി കേസ് കസ്റ്റംസിനെ ഏല്‍പ്പിച്ചു നല്‍കുകയാണ് ചെയ്യാറുള്ളത്. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി വരുന്നവരില്‍ നിന്ന് വിമാനത്താവളത്തിന് പുറത്ത് ഇത് തട്ടിയെടുക്കുന്ന സംഘങ്ങളുമുണ്ട്. ഇത്തരം അഞ്ച് സംഘങ്ങളെ ഇതിനകം പിടികൂടാനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഒത്താശ നല്‍കിയ കസ്റ്റംസ് സൂപ്രണ്ടിനെ വലയിലാക്കാനും കരിപ്പൂരിലെ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

 

Latest News