തിരുവനന്തപുരം - പോക്സോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളവൂർക്കൽ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി.
16-കാരിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ബോയ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് പ്രതികളും പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തുനിന്ന് മാറ്റി, താക്കീത് നല്കി. ലോക്കൽ കമ്മിറ്റി അംഗം ജെ.എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് താക്കീതും നല്കി. ജിനേഷിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെന്നാരോപിച്ചാണ് നടപടി.
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകർത്തിയിരുന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന ജിനേഷിന്റെ മൊബൈലിൽ നിന്നും വിവാഹിതരായ നിരവധി സ്ത്രീകൾക്കൊപ്പമുള്ള ധാരാളം സ്വകാര്യ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആരും പരാതിയുമായി സമീപിക്കാത്തതിനാൽ അതിന് കേസെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഡബ്ൾ പി.ജിയുള്ള ജിനേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. രണ്ടുവർഷത്തോളമായി ഇത് തുടരുകയായിരുന്നു. ബർത്ത് ഡേ കേക്ക് ജിനേഷ് മാരകായുധം കൊണ്ട് മുറിക്കുന്ന ഫോട്ടോയും ഈയിടെ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗിച്ചതായി പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ലഹരി ഉൽപന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസ് ചുമത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.