കോഴിക്കോട്- വിവാഹ സല്‍ക്കാരത്തിന് എത്തിയയാള്‍ ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തലകുടുങ്ങി മരിച്ചു. കൂടത്തായി ചക്കികാവ് പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍ (53) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. അയല്‍വാസിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നിവീണാണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലക്കിടയിലും തല കുടുങ്ങിയത്. ഇതിനിടെ, ലിഫ്റ്റ് ഉയര്‍ന്നു തുടങ്ങിയിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍തന്നെ താഴെയിറക്കി. ഗുരുതരമായി പരിക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങള്‍ മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളില്ല. സംഭവത്തില്‍ കോടഞ്ചേരി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
അജിതയാണ് ഭാര്യ. മക്കള്‍: ആദില്‍ഷ, ആജിന്‍ഷ. മരുമകന്‍: സുജീഷ് മറിവീട്ടില്‍താഴം.