സുല്‍ത്താന്‍ ബത്തേരി- രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എക്സൈസ് ഇന്‍സ്പക്ടര്‍ അടക്കം അഞ്ചുപേരെ സംസ്ഥാന എക്സൈസ് കമ്മിഷണര്‍ പി.എ.അനന്തകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ.ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഇരുപതിന് കര്‍ണാടകയില്‍ നിന്നും ബസില്‍ രേഖകളില്ലാതെ ഒരു കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സസ്പെന്‍ഷന്‍ നടപടി. പിടികൂടിയ സ്വര്‍ണത്തില്‍ നിന്ന് 250 ഗ്രാം കൈവശം വെയ്ക്കുകയും രേഖകളുമായി എത്തിയപ്പോള്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെ നല്‍കിയെന്നുമാണ് ആരോപണം. സംഭവം പുറത്തായതോടെ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.