വാഷിംഗ്ടണ്‍- ഇന്ത്യയില്‍ പീഡനം നേരിടുന്ന 32 മില്യണ്‍ ക്രിസ്തുമത വിശ്വാസികള്‍ക്കു ക്രിസ്മസ് വേളയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുണൈറ്റഡ് മെതഡിസ്റ്റ് സഭയുടെ ഇന്ത്യന്‍ കോക്കസ്. ആശങ്കയിലും അനിശ്ചിതാവസ്ഥയിലുമാണ് ഇന്ത്യയിലെ ക്രിസ്തുമത വിശ്വാസികള്‍ കഴിയുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ദേശീയവാദികള്‍ ഉയര്‍ത്തുന്ന തീവ്രവാദം ന്യൂനപക്ഷ സമുദായങ്ങള്‍ക്കു ആകെ ഭീഷണിയാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഒരു തടസവുമില്ലാതെ അവര്‍ പള്ളികള്‍ പൊളിക്കുന്നു.
പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള മതപരമായ അസഹിഷ്ണുതയെ യുണൈറ്റഡ് മെതഡിസ്റ്റ് സഭ അപലപിക്കുന്നു. എല്ലാ മതങ്ങള്‍ക്കും നിയമപരവും സാമ്പത്തികവും സാമൂഹ്യവുമായ വിവേചനത്തില്‍ നിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്.
ഇന്ത്യയില്‍ നടക്കുന്ന മത പീഡനത്തെ കുറിച്ച് യുഎസ് കമ്മിഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫ്രീഡം വിശദമായ റിപോര്‍ട്ടുകള്‍ വിദേശകാര്യ വകുപ്പിനു നല്‍കിയിട്ടുണ്ട്.
2022 ല്‍ മാത്രം 400 പള്ളികള്‍ പൊളിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെ 700 അക്രമസംഭവങ്ങള്‍ നടന്നു. പ്രോട്ടസ്റ്റന്റ്, ഓര്‍ത്തഡോക്ള്‍സ്, കത്തോലിക്കാ, ഇവാന്‍ജെലിക്കല്‍ വിഭാഗങ്ങളില്‍ പെട്ട ക്രിസ്ത്യാനികളുടെ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ ക്രിസ്ത്യന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (എഫ് ഐ എ സി ഓ എന്‍ എ) ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്രിസ്‌കോയില്‍ ഗ്ലോബല്‍ ഹിന്ദു ഫെഡറേഷന്‍ എന്ന സംഘടന ഇന്ത്യയില്‍ പള്ളികള്‍ പൊളിക്കാന്‍ പരസ്യമായി പണം പിരിച്ചതു അടുത്ത കാലത്താണ്. ഡിസംബര്‍ ആറിനു ഫ്രിസ്‌കോയില്‍ വിവിധ മത വിഭാഗങ്ങള്‍ പങ്കെടുത്ത യോഗം അതില്‍ ആശങ്ക അറിയിച്ചിരുന്നു. ഇത്തരം പല ഹിന്ദു തീവ്രവാദി ഗ്രൂപ്പുകളും യുഎസില്‍ പൊട്ടി മുളച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയിലെ ദരിദ്രരായ സമുദായ അംഗങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തുകയാണ്.
അക്രമാസക്തരായ ഇത്തരം സംഘടനകളെ കോണ്‍ഗ്രസും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും അന്വേഷണ വിധേയമാക്കണമെന്ന് മെതഡിസ്റ്റ് സഭയും ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ ക്രിസ്ത്യന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയും ആവശ്യപ്പെട്ടു.