കോഴിക്കോട്- കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ട്ടി പ്രശ്‌നമായി കാണാനാവില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ എംപി. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോര്‍ട്ടിനായി മന്ത്രിസ്ഥാനം ഇ.പി ജയരാജന്‍ ദുരുപയോഗം ചെയ്തു. ഇതേ വരെ ഈ ആ രോപണങ്ങള്‍ ഇ.പി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച അണികളെ വഷളാക്കിയെന്ന കാര്യം സിപിഎം സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു. അധികാര ദുര്‍വിനിയോഗമാണ് ഇ.പിയുടെ കാര്യത്തില്‍ നടന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെ ന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.