കളമശേരി- പുതിയ സ്‌കൂട്ടര്‍ ഓട്ടത്തിനിടെ കത്തിനശിച്ചു. കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായരുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. അനഘ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി എച്ച് എം ടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു തീ പിടിച്ചത്.
സ്‌കൂട്ടറിന്റെ അടിയില്‍ നിന്നു പുക ഉയരുന്നതു കണ്ട് യുവതി വാഹനം നിര്‍ത്തി. പെട്ടെന്നുതന്നെ രേഖകള്‍ എടുത്തുമാറ്റി മാറി നിന്നതിനാല്‍ അനഘയ്ക്ക് പരിക്കേറ്റില്ല. സ്‌കൂട്ടര്‍ മുഴുവന്‍ കത്തിനശിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമില്‍ നിന്നെടുത്ത പുതിയ സ്‌കൂട്ടറാണ് കത്തി നശിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു തടസമുണ്ടാകില്ലെന്നാണ് സൂചന.