Sorry, you need to enable JavaScript to visit this website.

ഷഹലയുടേത് ആദ്യ സ്വര്‍ണക്കടത്ത്,  ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് മൊഴി

മലപ്പുറം-ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവുമായി പിടിയിലായ കാസര്‍കോട് സ്വദേശി ഷഹല(19)യാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.
ഞായറാഴ്ച രാത്രി ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വര്‍ണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങള്‍ക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നല്‍കിയതെന്നും പോലീസ് പറയുന്നു. താന്‍ സ്വര്‍ണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയില്‍ സ്വര്‍ണമുണ്ടെന്നോ ഒരുഘട്ടത്തില്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.
യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാല്‍ ലഗേജുകളില്‍നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്തനിലയില്‍ 1.8 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉള്‍വസ്ത്രത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും.


 

Latest News