പാലക്കാട്-സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരില്‍ എത്തിച്ചു. ഇന്ന് രാവിലെ മാത്തൂര്‍ എ യു പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിന് പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. പതിനൊന്നുമണിയോടെ തിരുവില്വാമല ഐവര്‍ മഠത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഇന്നലെ കോയമ്പത്തൂര്‍ വിമാനത്താവളം വഴി എത്തിച്ച മൃതദേഹം വാളയാര്‍ അതിര്‍ത്തിയിലൂടെ റോഡുമാര്‍ഗമാണ് വീട്ടിലെത്തിച്ചത്. വാളയാറില്‍ മന്ത്രി എം ബി രാജേഷ്, വി കെ ശ്രീകണ്ഠന്‍ എം പി, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാത്രിമുഴുവന്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് സൂക്ഷിക്കുകയായിരുന്നു. നാടിന്റെ പ്രിയസൈനികനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് വീട്ടില്‍ എത്തിച്ചേര്‍ന്നത്.
വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉള്‍പ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റില്‍ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകന്‍: ഒന്നര വയസുളള തന്‍വിക്. സഹോദരി: ശ്രുതി.പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനില്‍ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇരുപത് സൈനികരാണ് ഇതില്‍ ഉണ്ടായിരുന്നത്.