തിരുവനന്തപുരം-ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎമ്മില്‍ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വിനറും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പി ജയരാജനെതിരെയും പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചത്. രേഖാമൂലം ഇപി ജയരാജനെതിരെ പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് എംവി ഗോവിന്ദന്‍ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകുകയുള്ളു. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത.
പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാര്‍ട്ടി നേതാക്കള്‍ കാണുന്നു. തെറ്റ് തിരുത്തലില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പി ജയരാജന്റെ പരാതി എന്നാണ് സൂചനകള്‍.