മദീന - ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഫല്‌സീനിക്കും മദീന ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. മദീനയില്‍ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ ഫലസ്തീനി നബീല്‍ മുഹമ്മദ് ശഅ്ബാന്‍ ശഹാദ, ബിനാമി സ്ഥാപനം നടത്താന്‍ ഫലസ്തീനിക്ക് കൂട്ടുനിന്ന സൗദി പൗരന്‍ യൂസുഫ് ബിന്‍ സാലിം ബിന്‍ ഖലഫ് അല്‍ജുഹനി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മദീനയില്‍ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും വാടകക്കെടുത്ത് മറിച്ചുവാടകക്ക് നല്‍കുന്ന മേഖലയിലാണ് ഫലസ്തീനി ബിനാമി ബിസിനസ് നടത്തിയത്.
സെയില്‍സ്മാന്‍ പ്രൊഫഷനില്‍ സൗദിയില്‍ കഴിഞ്ഞിരുന്ന ഫലസ്തീനി പ്രൊഫഷന് നിരക്കാത്ത നിലക്ക് ഭീമമായ സാമ്പത്തിക ഇടപാടുള്‍ നടത്തിയിരുന്നതായും ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണം നിയമ വിരുദ്ധ രീതിയില്‍ വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഫലസ്തീനിയെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഫലസ്തീനിക്ക് ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി പൗരന്റെയും ഫലസ്തീനിയുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.