വ്യാജ വാർത്തയും സെൻസേഷണൽ ഉള്ളടക്കവും പ്രചരിപ്പിക്കുന്ന മൂന്നു ചാനലുകൾ തടയാൻ യൂട്യൂബിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഈ ചാനലുകൾ വ്യാജവാർത്തയാണ് പ്രധാനമായും പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക് യൂണിറ്റ് കണ്ടെത്തിയിരുന്നു. ആജ് തക് ലൈവ്, ന്യൂസ് ഹെഡ്ലൈൻസ്, സർക്കാരി അപ്ഡേറ്റ് എന്നീ ചാനലുകളുടെ പ്രവർത്തനം തടയാനും യൂട്യൂബിനോട് ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള ആജ് തക് ചാനലിനോടു സാദൃശ്യമുള്ള പേരാണ് ആജ്തക് ലൈവ് ഉപയോഗിക്കുന്നത്. ചാനലിന്റെ ലോഗോയും അവതാരകരുടെ ചിത്രങ്ങളും ഇവർ വ്യാജമായി ഉപയോഗിക്കുകയാണ്.
വ്യാജ വാർത്ത പ്രചരിപ്പിച്ച് യൂട്യൂബിൽനിന്നു പണമുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് സർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഈ മൂന്നു ചാനലുകൾക്കും കൂടി 33 ലക്ഷം വരിക്കാരുണ്ട്. 30 കോടിയിലധികം വ്യൂ ഇവരുടെ വിഡിയോകൾക്കു ലഭിച്ചിട്ടുണ്ട്.
*** *** ***
ആളുകളെ എങ്ങനെയും പറ്റിക്കാം. കുറച്ചു സാങ്കേതിക ജ്ഞാനമുണ്ടെങ്കിൽ ഹൈടെക് തട്ടിപ്പ് തന്നെ നടത്താം. ഈ കുറിപ്പ് തയാറാക്കുന്ന സമയത്തിനിടയ്ക്ക് തന്നെ കേരളത്തിൽ ഒരു കോടിയിലേറെ ബോണസ് കിട്ടിയെന്ന സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ടാവും. ഇന്നാ പിടിച്ചോ റമ്മി കളിക്കാനുള്ള ബോണസ് എന്നു പറഞ്ഞായിരിക്കും എസ്.എം.എസ്. കളിക്കാതെ തന്നെ ഇത്രയും ബോണസ് എങ്കിൽ കളിച്ചാലത്തെ കഥ പറയാനുമില്ല. ഈ ഗണത്തിൽ രസകരമായ ഒരെണ്ണമാണ് ദൽഹിയിൽനിന്ന് കേട്ടത്. ജോലി തട്ടിപ്പിലെ ഇരകൾക്ക് ലഭിച്ച ജോലി റെയിൽവേ സ്‌റ്റേഷനിലെ ട്രെയിനുകൾ എണ്ണുന്നതായിരുന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിക്കാർ പണ്ടു കാലത്ത് സ്വന്തക്കാരെ തിരുകി കയറ്റാൻ തിരയെണ്ണുന്ന കോർപറേഷൻ എം.ഡി, ചെയർമാൻ എന്നിങ്ങനെ തസ്തിക സൃഷ്ടിക്കുന്നത് പോലൊരു ഏർപ്പാട്.
റെയിൽവേയിൽ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പരിശീലനമെന്ന വ്യാജേന തമിഴ്നാട്ടിൽ നിന്നുള്ള 28 പേരെ ന്യൂദൽഹി സ്റ്റേഷനിൽ ട്രെയിനുകൾ എണ്ണാൻ നിറുത്തി. ടി.ടി.ഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലാർക്ക് എന്നീ തസ്തികകളിലേക്കുള്ള പരിശീലനത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എട്ടു മണിക്കൂർ വീതം ഒരു മാസമാണ് ഇവർ ദൽഹി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ നിറുത്തിയത്.
ജോലി വാഗ്ദാനം ചെയ്ത് ഒരോരുത്തരിൽ നിന്ന് രണ്ട് ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ് തട്ടിച്ചത്. ഇത് സംബന്ധിച്ച് ദൽഹി പോലീസിൽ പരാതി നൽകി. ജൂൺ, ജൂലൈ മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പുകാർ ഇരകളിൽ നിന്ന് 2.67 കോടി രൂപ തട്ടിയെടുത്തതായി തമിഴ്‌നാട് സ്വദേശിയായ വിമുക്തഭടൻ എം. സുബ്ബുസാമി നൽകിയ പരാതിയിലുണ്ട്.
തട്ടിപ്പിനിരയായവരിൽ ഏറെയും എൻജിനിയറിംഗ്, സാങ്കേതിക വിദ്യാഭ്യാസ പശ്ചാത്തലമുള്ള ബിരുദധാരികളാണ്.
*** *** ***
ഫിഫ വേൾഡ് കപ്പ് ദോഹയിൽ സമാപിച്ചു. ഒന്നൊന്നര ഫൈനൽ കാണാനായതിന്റെ ത്രില്ലിലാണ് ലോകമെമ്പാടുമുള്ള കായികാസ്വാദകർ. ഫ്രാൻസിന്റെ എംബാപ്പെ ഹൃദയങ്ങൾ കീഴടക്കിയ നിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കുഞ്ഞിബാല്യക്കാരനായ എംബാപ്പെയ്ക്ക് മുമ്പിൽ ഇനിയും ലോകകപ്പുകളുണ്ടല്ലോ. ഇറങ്ങി കളിച്ചിട്ടും സ്വന്തം ടീമിന് ലോക കിരീടം ലഭിക്കില്ലെന്നറിഞ്ഞതു മുതൽ അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരന്നു. ആശ്വസിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അവിടെ തന്നെയുണ്ടായിരുന്നു. രണ്ടു മൂന്നു ദിവസമായി ദോഹ അങ്ങാടിയിലും കടപ്പുറത്തുമായി കറങ്ങി നടക്കുകയായിരുന്നു മാക്രോൺ. ഇതായിരിക്കണം ജനനായകൻ. ഇതെല്ലാം കണ്ടപ്പോൾ അൽപം മുമ്പ് മലയാളികളുടെ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരം എപ്പിസോഡ് കണ്ടതോർത്തു പോയി. യൂറോപ്പിലെ പല സമ്പന്ന മുതലാളിത്ത ജനാധിപത്യ രാജ്യങ്ങളിലും ഇതാണ് സ്ഥിതി. എസ്.ജി.കെ ഫിൻലൻഡിലെ കവലയിലൂടെ മുന്നോട്ട് പോയപ്പോൾ സൈക്കിളിൽ പോകുന്ന ഒരാൾ തോണ്ടി കടന്നു പോയി. അന്വേഷിച്ചപ്പോൾ മൂപ്പരവിടത്തെ പ്രസിഡന്റായിരുന്നു. ആളുകളുമായി ഇഴുകിച്ചേരുന്ന പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും യൂറോപ്പിൽ പുതുമയേ അല്ലെന്ന് സഞ്ചാരി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പട്ടാളവും പോലീസും എസ്‌കോർട്ടും പൈലറ്റുമൊന്നും ആവശ്യമില്ലാത്ത ജനകീയ ഭരണാധികാരികൾ.
ലോകകപ്പ് വേദിയിൽ ആഹ്ലാദിച്ച മറ്റൊരാൾ ബോളിവുഡ് താരം ദീപിക പദുകോണാണ്. മഞ്ഞയും പച്ചയും ചോപ്പുമൊന്നും തെരയാൻ ആളില്ലാത്തത് മാത്രമല്ല കാര്യം. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനാണ് ദീപിക എത്തിയത്. ദീപികയ്ക്കൊപ്പം ഭർത്താവും നടനുമായ രൺവീർ സിങ്ങും ഖത്തറിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത് ദീപികയെ ചേർത്തുപിടിച്ച് സ്റ്റേഡിയത്തിൽ നിൽക്കുന്ന രൺവീർ പങ്കുവച്ച ചിത്രമാണ്. യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്, ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്- രൺവീർ കുറിച്ചു. മുൻ സ്പാനിഷ് ടീം ക്യാപ്റ്റൻ ഇക്കർ കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. കിരീടം സൂക്ഷിക്കുന്ന ട്രാവൽ കെയ്സിന്റെ നിർമാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറായാണ് ദീപിക ചടങ്ങിൽ പങ്കാളിയായത്.
പത്താനിലെ വിവാദ നായകനും സന്തോഷിക്കാൻ വകയുണ്ടായി. ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഖാനും. ബ്രിട്ടനിൽ നിന്നുള്ള എംപയർ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ മാത്രമാണ് ഇടം നേടിയിട്ടുള്ളത്. ഷാരൂഖ് ഖാന്റെ നാല്പതുവർഷത്തോളമായുള്ള അഭിനയ ജീവിതത്തിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് മാഗസിന്റെ പ്രൊഫൈലിൽ പറയുന്നു.
*** *** ***
ഷൂട്ടിംഗിനായി യു. എ. ഇയിൽ പോയ ബോളിവുഡ് താരം ഉർഫി ജാവേദിനെ ദുബായിൽ തടഞ്ഞു വച്ചു. വിവാദ വസ്ത്രങ്ങളുമായി ഇൻസ്റ്റയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ ചൊവ്വാഴ്ചയാണ് ദുബായിൽ അധികൃതർ തടഞ്ഞുവെച്ചതെന്നാണ് റിപ്പോർട്ട്. അമിതമായി ശരീരം തുറന്ന് കാട്ടുന്ന വസ്ത്രം ധരിച്ച് ഷൂട്ടിംഗ് നടത്തിയതിനാണ് താരത്തെ തടഞ്ഞുവെച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ ഇന്ത്യയിൽ ഏറെ പ്രശസ്തയാണ് ഉർഫി ജാവേദ്. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ചാണ് താരം ആരാധകരെ പിടിച്ചു പറ്റിയത്.
പാസ്പോർട്ടിലെ ചില പൊരുത്തക്കേടുകൾ കാരണം തന്റെ ഗൾഫ് യാത്രയിൽ ചില പ്രശ്‌നങ്ങളുണ്ടായെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പാസ്പോർട്ടിൽ ഉർഫി എന്ന പേര് മാത്രമേ ഉള്ളൂ എന്നും ഇതാണ് പ്രശ്‌നമായതെന്നുമായിരുന്നു താരം പറഞ്ഞത്.
ശരി, എല്ലാരും വിശ്വസിച്ചു.
ചേതൻ ഭഗതിനും ഉർഫിയെ കുറിച്ച് പറയാനുണ്ട്. നമ്മുടെ യുവാക്കൾ കിടക്കാൻ നേരം ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് ചേതൻ ഭഗത് പറഞ്ഞത്. ഔട്ട് ഓഫ് ദ ബോക്‌സ് ഫാഷൻ തെരഞ്ഞെടുപ്പുകൾ കാരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഉർഫി. അവരുടെ വസ്ത്രധാരണത്തെ വിചിത്രവും പ്രകോപനപരമായും ഒരു കൂട്ടർ വിലയിരുത്തുമ്പോൾ അവർ മറ്റ് ചിലർക്ക് പ്രചോദനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേതൻ ഭഗത് ഉർഫിയുടെ പേര് പരാമർശിക്കുമ്പോൾ വേദിയിൽ ചിരിയുണർന്നിരുന്നു. ആജ് തക് ടിവി സംഘടിപ്പിച്ച സാഹത്യോത്സവത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. സ്ഥലകാല ബോധമില്ലാതെ പെരുമാറിയാൽ ഏത് ഉർഫിയും പെടുമെന്ന് ദുബായ് അനുഭവം തെളിയിച്ചു.
*** *** ***
മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് നടൻ ശ്രീനിവാസൻ. ഏറ്റവും കൂടുതൽ സൂപ്പർഹിറ്റുകൾ എഴുതിയ ആളും താൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാപ്പ സിനിമയുടെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറേക്കാലമായി മൂടിവെച്ച ഒരു സത്യം ഞാൻ തുറന്നുപറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതൽ സൂപ്പർഹിറ്റുകൾ എഴുതിയ ആളും ഞാൻ തന്നെയാണ്. ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയ ആളും ഞാൻ തന്നെയാണ്. ഞാൻ എന്നെ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ. ശരിക്ക് പറഞ്ഞാൽ നല്ല കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ്, അവരുടെ കാരുണ്യം കൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. ഞാൻ കുറച്ച് നാളായിട്ട് അഭിനയിക്കാറില്ലായിരുന്നു. ഫാസിലിനെ കണ്ടപ്പോൾ എനിക്ക് വല്യ സന്തോഷമായി. എന്നെ കാണാത്തതുകൊണ്ടാണോ അദ്ദേഹം എന്നെ വെച്ച് സിനിമയെടുക്കാത്തതെന്ന് എനിക്ക് സംശയമുണ്ട്. ഞാൻ സംസാരിക്കാനൊക്കെ തുടങ്ങി. ഒരു സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയിൽ ഞാൻ എന്തായാലും അഭിനയിക്കാം.- ശ്രീനിവാസൻ പറഞ്ഞു. മലയാള സിനിമയിലെ തലയെടുപ്പുള്ള ജീനിയസായ ശ്രീനിവാസനെ പൂർണ ആരോഗ്യത്തോടെ വീണ്ടും പൊതുവേദിയിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് മലയാളികൾ.
ഇതേസമയത്ത് തന്നെ ശ്രീനിവാസന്റെ കല്യാണ നാളുകളിലെ അനുഭവവും സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടിയോട് തന്റെ കല്യാണത്തിന് വരരുതെന്ന് പറഞ്ഞതാണ് ഇൻസ്റ്റ റീലുകളിലടക്കം കണ്ടത്.
നിങ്ങൾ ദയവുചെയ്ത് എന്റെ കല്യാണത്തിനു വരരുത്- മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു. കണ്ണൂരിൽ അതിരാത്രം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. തന്റെ കല്യാണമാണെന്നും രണ്ടായിരം രൂപയുടെ ആവശ്യമുണ്ടെന്നും ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. വിമലയാണ് ശ്രീനിവാസന്റെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിമലയെ വിവാഹം കഴിക്കുന്ന സമയത്ത് തന്റെ കൈയിൽ താലി വാങ്ങാൻ പോലുമുള്ള പൈസ ഉണ്ടായിരുന്നില്ലെന്നും സിനിമയിലെ സുഹൃത്തുക്കളാണ് അന്ന് തന്നെ സഹായിച്ചതെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഒരു കഥ ഒരു നുണക്കഥ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് സിനിമയുടെ നിർമാതാക്കൾ. തിരക്കഥ എഴുതിയത് ശ്രീനിവാസനും ഇന്നസെന്റും ചേർന്നാണ്. പ്രതിഫലം തരാൻ പോലും പൈസയില്ലാത്ത സമയമായിരുന്നു അതെന്ന് ശ്രീനിവാസൻ ഓർക്കുന്നു. താൻ നാട്ടിലേക്ക് പോകുകയാണെന്നും രജിസ്റ്റർ വിവാഹം നടത്തുമെന്നും ശ്രീനിവാസൻ ഇന്നസെന്റിനോട് പറഞ്ഞു. ഇന്നസെന്റിന്റെ കൈയിൽ പണമില്ലാത്ത സമയമാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസൻ കല്യാണം നടത്താൻ ആവശ്യമായ പണമൊന്നും ചോദിച്ചില്ല. എങ്കിലും വീട്ടിലേക്ക് പോകുമ്പോൾ ഇന്നസെന്റ് കുറച്ച് പണം ശ്രീനിവാസന്റെ കൈയിൽ കൊടുത്തു. പോയി കല്യാണം കഴിച്ചുവാ എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയിൽ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസൻ ഓർക്കുന്നു. അക്കാലത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. വീടും പറമ്പുമെല്ലാം ജപ്തി ചെയ്തു പോയ സമയമാണ്. ബന്ധുക്കളെയെല്ലാം വിളിച്ച് വിവാഹം കഴിക്കാൻ പോകുകയാണെന്നും ആരും വരരുതെന്നും താൻ പറഞ്ഞിരുന്നതായി ശ്രീനിവാസൻ ഓർക്കുന്നു. വിവാഹത്തിനു സ്വർണത്തിന്റെ താലി കെട്ടണമെന്ന് ശ്രീനിവാസന്റെ അമ്മയ്ക്ക് നിർബന്ധമായിരുന്നു. എന്നാൽ, കൈയിൽ പണമില്ല എന്നു പറഞ്ഞ് ശ്രീനിവാസൻ ഒഴിഞ്ഞുമാറി. സ്വർണ താലി വേണമെന്ന വാശിയിൽ ശ്രീനിവാസന്റെ അമ്മ ഉറച്ചുനിന്നു. ഒടുവിൽ സ്വർണ താലി വാങ്ങാൻ പണമുണ്ടാക്കാനുള്ള ഓട്ടത്തിലായി ശ്രീനിവാസൻ.
ആ ഓട്ടം മമ്മൂട്ടിയുടെ അടുത്താണ് അവസാനിച്ചത്. കണ്ണൂരിൽ അതിരാത്രം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. തന്റെ കല്യാണമാണെന്നും രണ്ടായിരം രൂപയുടെ ആവശ്യമുണ്ടെന്നും ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. സ്വർണത്തിന്റെ താലി കെട്ടണമെന്ന് അമ്മയ്ക്ക് നിർബന്ധമാണെന്ന കാര്യവും ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി ശ്രീനിവാസന് പണം നൽകി സഹായിച്ചു. പണം നൽകുന്നതിനൊപ്പം ശ്രീനിവാസനോട് മമ്മൂട്ടി ഒരു കാര്യവും പറഞ്ഞു. രജിസ്റ്റർ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് താനും വരുമെന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്. കല്യാണത്തിനു മമ്മൂട്ടി വരരുതെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടിയെ ആളുകൾ കണ്ടാൽ കല്യാണം കലങ്ങുമെന്ന പേടിയായിരുന്നു.
*** *** ***
സോഷ്യൽ മീഡിയ ഭയങ്കര സംഭവമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മനോരമയും മാതൃഭൂമിയും വന്നിട്ടാവാം പ്രസ് കോൺഫറൻസ് തുടങ്ങുന്നതെന്ന് പണ്ടു പറഞ്ഞിരുന്നവരുടെ വംശനാശം സംഭവിച്ചു. നൂറു കണക്കിന് ഓൺലൈനുകളുള്ള നാട്ടിൽ ഏതാണ് ക്ലിക്കാവുക എന്ന് ആർക്കും പ്രവചിക്കാനാവില്ല. സോഷ്യൽ മീഡിയ മനസ്സു വെച്ചാൽ ആരെയും പെട്ടെന്ന് ഹീറോയാക്കാം. ഒരു വർഷം മുമ്പ് ആറാട്ടണ്ണനെ എത്ര പേർക്കറിയാമായിരുന്നു? സിനിമാ നടിയെ കെട്ടാൻ പുറപ്പെട്ട് കുഴപ്പത്തിലായ ആറാട്ടണ്ണൻ നിറഞ്ഞാടുകയല്ലേ ഇപ്പോൾ? അടുത്തിടെ റിലീസ് ചെയ്ത ഒരു മലയാള സിനിമ കാണാനെത്തിയ ചിലർ പറഞ്ഞത് ആറാട്ടണ്ണൻ സാക്ഷ്യപ്പെടുത്തിയതിന്റെ ബലത്തിലാണ് തങ്ങൾ ഇതു കാണാൻ വന്നതെന്നാണ്. സെക്കന്റ് ഹാഫ് ഡ്രാഗ് ചെയ്യുന്നുവെന്ന ആറാട്ടിന്റെ ഡയലോഗ് വെച്ച് എത്രയെത്ര ട്രോളുകളാണിറങ്ങിയത്. ആറാട്ടിന്റെ സ്വാധീനത്തിലാണോ ചില പണ്ഡിതർ ലോക കപ്പ് ഫുട്‌ബോൾ താരങ്ങളെ ദുഷിച്ച് ഹീറോയാവാൻ ശ്രമിച്ചതെന്നാർക്കറിയാം? കൈരളി ടിവിയുടെ എം.ഡി ജോൺ ബ്രിട്ടാസ് പാർലമെന്റിൽ പ്രസംഗിച്ചതിന്റെ ആദ്യ ഭാഗം ഫേസ്ബുക്കിലുണ്ട്. നോട്ട് റദ്ദാക്കൽ ഒരു ദുരന്തമായതും ഡോ: മൻമോഹൻ സിംഗിനെ സ്വപ്‌നം കണ്ടതുമെല്ലാം ബ്രിട്ടാസ് പറയുന്നുണ്ട്. ഇതിന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ മറുപടിയാണ് കലക്കൻ. കേരളത്തിലെത്തുമ്പോൾ കോർപറേറ്റ് ഭീമൻ അദാനിയെ പോലും പ്രോളിറ്റേറിയനാക്കി മാറ്റുകയല്ലേ?
നിർമല ഇതിന് മുമ്പും കേരളത്തിലെ കടൽ തീരത്തെത്തി വിഷമമനുഭവിക്കുന്ന ജനങ്ങളുടെ കൈയടി നേടിയിട്ടുണ്ട്.