വെടിവെച്ചു പഠിക്കാനുള്ള കളിപ്പാട്ടമായിരുന്നു ഞാനവർക്ക്.എന്നെ വെടിവെക്കാൻ മത്സരിക്കുകയായിരുന്നു ഇസ്രായിൽ സൈന്യം.മൂന്നു തവണയാണ് അവർ നിർത്താതെ വെടിയുതിർത്തത്. അതിൽരണ്ടു ബുള്ളറ്റുകൾ കാലിൽ പതിച്ചു. കണ്ണീർ വാതക ഷെൽ ഊക്കിൽ എനിക്ക്നേരെ വലിച്ചെറിഞ്ഞു. അത് പൊട്ടിത്തെറിച്ചു മുന്നിലെ കാഴ്ച മറഞ്ഞു. വെടിയേൽക്കുമ്പോഴുള്ള എന്റെ കരച്ചിലിൽ അവർ ആനന്ദം കണ്ടെത്തി.അവരുടെ കളിപ്പാട്ടമായിരുന്നു ഞാൻ. വെടിവെച്ചു കളിക്കാനുള്ള കളിപ്പാട്ടം.
ഖത്തറിലെ ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽനിന്ന് ആകാശം തൊട്ട് ആർപ്പുവിളികൾ ഉയരുമ്പോഴും അബ്ദുറഹ്മാൻ അൽ കഹ്‌ലൗട്ടിന്റെ കാതുകളെ അവ ആഹ്ലാദാരവങ്ങളായി തൊടാറില്ല. ഫലസ്തീൻ പോരാട്ടങ്ങളിലെ ആരവങ്ങളേക്കാൾ വലുതായൊന്നും ഫുട്‌ബോൾ മൈതാനങ്ങളിലെ പോരാട്ടങ്ങൾക്ക് അകമ്പടിയായി ഗ്യാലറികളിൽനിന്ന് മുഴങ്ങാറില്ലെന്ന് അബ്ദുറഹ്മാന് സ്വന്തം ജീവിതം കൊണ്ടറിയാം. രണ്ടു തവണകളായി അഞ്ചുവട്ടം വെടിയുണ്ട തുളച്ചു കയറിയ ശരീരവുമായാണ് അബ്ദുറഹ്മാൻ ഖത്തർ ലോകകപ്പ് ഫുട്‌ബോൾ പകർത്താൻ കാമറയുമായി എത്തിയത്. ഇസ്രായിൽ സൈന്യം തൊടുത്തുവിട്ട വെടിയുണ്ടകളിൽ ചിലത് ഇപ്പോഴും അബ്ദുറഹ്മാന്റെ ദേഹത്തുണ്ട്.
ഖത്തർ ലോകകപ്പ് ഫുട്‌ബോൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മീഡിയ സെന്ററിൽ വെച്ചാണ് അബ്ദുറഹ്മാനെ പരിചയപ്പെടുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിൽനിന്ന് രക്ഷപ്പെട്ട് എത്തിയതൊന്നും അബ്ദുറഹ്മാന്റെ വിഷയമേ അല്ലായിരുന്നു. ആ വെടിയുണ്ടകളേറ്റതിന്റെ അഭിമാനമായിരുന്നു അയാളിൽ. പ്രമുഖ ഫോട്ടോ ഏജൻസിയായ ഇ.പി.എക്ക് വേണ്ടിയാണ് ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയത്.
കാമറയും അതിൽ പതിയുന്ന ചിത്രങ്ങളും കംപ്യൂട്ടറും ചുറ്റിലുമുള്ള സൗഹൃദങ്ങളുമായി കൂടുകയായിരുന്നു അബ്ദുറഹ്മാൻ. അതിനിടയിലാണ് അവിചാരിതമായി പരിചയത്തിലാകുന്നത്. ഈ സംസാരങ്ങൾക്ക് ഇടയിലാണ് തന്റെ ദേഹത്ത് പോരാട്ട സ്മാരകമെന്നോണം അവശേഷിക്കുന്ന വെടിയുണ്ടകളെ പറ്റി അബ്ദുറഹ്മാൻ സംസാരിച്ചത്. ഫലസ്തീനിലെ ഇസ്രായിൽ അധിനിവേശങ്ങൾക്കെതിരായ പ്രതിഷേധമായ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനിടെയാണ് അബ്ദുറഹ്മാന് വെടിയേറ്റത്. 2019 സെപ്തംബർ 20നായിരുന്നു അബ്ദുറഹ്മാന് ഏറ്റവും ഒടുവിൽ വെടിയേറ്റത്. 2018ലായിരുന്നു ആദ്യത്തേത്. ഗാസയിൽ ഇസ്രായിൽ പണിത വേലിക്ക് സമീപത്തുള്ള ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിന്റെ ചിത്രമെടുക്കാൻ പോയതായിരുന്നു രണ്ടു തവണയും.
എന്നെ വെടിവെക്കാൻ ഇസ്രായിൽ സൈനികർക്കിടയിൽ ആവേശത്തോടെയുള്ള മത്സരമായിരുന്നു അബ്ദുറഹ്മാൻ പറയുന്നു. വെടിവെച്ചു പഠിക്കാനുള്ള കളിപ്പാട്ടമായിരുന്നു ഞാനവർക്ക്. എന്നെ വെടിവെക്കാൻ മത്സരിക്കുകയായിരുന്നു ഇസ്രായിൽ സൈന്യം. മൂന്നു തവണയാണ് അവർ നിർത്താതെ വെടിയുതിർത്തത്. അതിൽ രണ്ടു ബുള്ളറ്റുകൾ കാലിൽ പതിച്ചു. കണ്ണീർ വാതക ഷെൽ ഊക്കിൽ എനിക്ക് നേരെ വലിച്ചെറിഞ്ഞു. അത് പൊട്ടിത്തെറിച്ചു മുന്നിലെ കാഴ്ച മറഞ്ഞു. വെടിയേൽക്കുമ്പോഴുള്ള എന്റെ കരച്ചിലിൽ അവർ ആനന്ദം കണ്ടെത്തി. അവരുടെ കളിപ്പാട്ടമായിരുന്നു ഞാൻ. വെടിവെച്ചു കളിക്കാനുള്ള കളിപ്പാട്ടം.
വെടിയേറ്റതിന് ശേഷം വേച്ചുവേച്ചു നടക്കുന്ന വീഡിയോ അബ്ദുറഹ്മാൻ കാണിച്ചു തന്നു. ചുറ്റിലും കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിത്തെറിച്ചതിന്റെ വലിയ പുകയുണ്ട്. അതിലൂടെ കറുത്ത ജാക്കറ്റും ഹെൽമെറ്റും ധരിച്ച് അബ്ദുറഹ്മാൻ നടന്നുവരുന്നു.
യുദ്ധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിക്കാറുണ്ട്. അബ്ദുറഹ്മാനും ഇതേ ജാക്കറ്റ് ധരിച്ചിരുന്നു. ഹെൽമറ്റുമുണ്ടായിരുന്നു. എങ്കിലും ഇസ്രായിൽ സൈന്യം അബ്ദുറഹ്മാനെ ലക്ഷ്യമിട്ടു. അവർക്ക് രണ്ടാമതും കിട്ടിയ കൽപ്പാട്ടമായിരുന്നു അബ്ദുറഹ്മാൻ. ഏതൊരു ആൾക്കൂട്ടത്തിനിടയിൽനിന്നും അബ്ദുറഹ്മാനെ എളുപ്പം തിരിച്ചറിയാനാകും.
നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റ പ്രക്ഷോഭമായിരുന്നു ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ. ഗാസ സിറ്റിക്ക് കിഴക്ക് പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹാഷിം ഹമദേയുടെ തലയിലും മുഖത്തും ഷെല്ലുകൾ പതിച്ച് പരിക്കേറ്റു. ഫലസ്തീൻ അതോറിറ്റിയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഫലസ്തീൻ ടി.വി റിപ്പോർട്ടർ ഇസ്‌ലാം എസാനൗൺ ഗാസ സിറ്റിക്ക് കിഴക്ക് പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ കണ്ണീർ വാതകം ശ്വസിച്ചു പരിക്കേറ്റു. വടക്കൻ ഗാസയിലെ നഗരമായ ജബാലിയയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രാദേശിക ഫലസ്തീനിയൻ വാർത്താ വെബ്‌സൈറ്റ് ഖുദ്‌സ് മീഡിയയുടെ റിപ്പോർട്ടർ നബീൽ ദാരാബിഹിന് തലയിലും മുഖത്തും ഗ്യാസ് ക്യാനിസ്റ്ററുകൾ ഇടിച്ചു പരിക്കേറ്റു. ഷെഹാബ് ന്യൂസ് ഏജൻസിയുടെ ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ മസ്‌റിക്ക് പരിക്കേറ്റത് കിഴക്കൻ ജബാലിയയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്. ബെയ്‌റൂട്ട് ആസ്ഥാനമായുള്ള പാൻഅറബ് അൽമയദീൻ വാർത്താ ചാനലിന്റെ റിപ്പോർട്ടറായ ലാന സഹീനിനും പരിക്കേറ്റു.
ഇസ്രായിൽ സൈന്യം നേരത്തെ തന്നെ ലക്ഷ്യമിട്ട ഒരാളായിരുന്നു അബ്ദുറഹ്മാൻ. 2018 ഏപ്രിൽ 27നാണ് ആദ്യമായി വെടിയേറ്റത്. ഗാസ അതിർത്തിയിൽ പ്രതിഷേധം ക്യാമറയിൽ പകർത്തുന്നതിനിടെ ഇസ്രായിൽ സൈന്യം വെടിവെച്ചു. ആ വെടിയുണ്ടകൾ ഇപ്പോഴും അബ്ദുറഹ്മാന്റെ ദേഹത്തുണ്ട്. ശസ്ത്രക്രിയകൾ വഴി അത് പുറത്തെടുക്കാൻ നോക്കിയെങ്കിലും അവ അബ്ദുറഹ്മാന്റെ ശരീരം വിട്ടുപോരാൻ തയ്യാറായിട്ടില്ല. നാഡി വ്യൂഹങ്ങളെ ഇടക്ക് സങ്കടപ്പെടുത്തി ആ വെടിച്ചില്ലുകൾ അവിടെ തന്നെയുണ്ട്. പോരാട്ട സ്മാരകമായി. എവിടെയൊക്കെയാണ് വെടിയുണ്ട കയറിയത് എന്ന ചോദ്യത്തിന് രണ്ടു കാലുകളും കൈകളും അബ്ദുറഹ്മാൻ തൊട്ടു കാണിക്കും. നെഞ്ചിലും തലയിലും മാത്രമേ ഇനി വെടിച്ചില്ലുകൾ കയറാനിടമുള്ളൂ എന്ന് പറയും.
ഗാസയിൽ 2018 മാർച്ച് 30 മുതൽ 2019 ഡിസംബർ 27 വരെ എല്ലാ വെള്ളിയാഴ്ചയും നടന്ന പ്രകടനങ്ങളുടെ ഒരു പരമ്പരയായിരുന്നു ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ. 223 ഫലസ്തീനികളാണ് ഈ പ്രകടനത്തിനിടെ കൊല്ലപ്പെട്ടത്. അധിനിവേശത്തിന് ഇരകളായി 1948ൽ ഇസ്രായിലിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീൻ അഭയാർത്ഥികളെ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ് ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ. ഗാസാ മുനമ്പിലേക്ക് ഇസ്രായിൽ ഏർപ്പെടുത്തിയ കര, വായു, കടൽ ഉപരോധത്തെയും ജറുസലേമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനും എതിരായിരുന്നു ഈ പ്രക്ഷോഭം. ഫലസ്തീനിലെ സ്വതന്ത്ര പ്രവർത്തകർ ആരംഭിച്ച പ്രകടനത്തെ അധികം വൈകാതെ ഗാസ മുനമ്പിലെ ഭരണാധികാരികളായ ഹമാസും ഗാസയിലെ മറ്റ് പ്രധാന വിഭാഗങ്ങളും പിന്തുണച്ചു. 2018 മാർച്ച് 30 (ലാൻഡ് ഡേ) മുതൽ മെയ് 15 (നക്ബ ഡേ) വരെയാണ് ഗ്രേറ്റ് റിട്ടേൺ മാർച്ച് നടത്തുകയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് 2019 ഡിസംബർ 27 വരെ, ഏകദേശം 18 മാസത്തോളം തുടർന്നു. മാർച്ച് 30 ന് നടന്ന ആദ്യ പ്രകടനത്തിൽ മുപ്പതിനായിരം ഫലസ്തീനികൾ പങ്കെടുത്തു. തുടർന്നുള്ള വെള്ളിയാഴ്ചകളിൽ (ഏപ്രിൽ 6, 13, 20, 27, മെയ് 4, 11) വലിയ പ്രതിഷേധങ്ങൾ നടന്നു. ഓരോ പ്രകടനത്തിലും കുറഞ്ഞത് 10,000 പ്രതിഷേധക്കാരെങ്കിലും പങ്കെടുത്തു.
ഗാസയിൽ ഇസ്രായിൽ തീർത്ത അതിർത്തിവേലിക്ക് സമീപത്തുനിന്ന് സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ തീരുമാനിച്ചിരുന്നത്. ഈ മാർച്ച് ഫലസ്തീൻ സമൂഹത്തെയും ഹമാസിനെയും അക്രമത്തിൽനിന്ന് മാറി അഹിംസാത്മകമായ പ്രതിഷേധങ്ങളിലേക്കുള്ള ചുവടുമാറ്റമായി ചിലർ വിശേഷിപ്പിച്ചിരുന്നു. എന്നാൽ അങ്ങിനെ സംഭവിച്ചില്ല. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ മിഡിൽ ഈസ്റ്റ് തലവനായ റോബർട്ട് മർഡിനിയുടെ അഭിപ്രായത്തിൽ, 2018 ജൂൺ 19 വരെ 13,000 ലധികം ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഭൂരിപക്ഷത്തിനും ഗുരുതരമായി പരിക്കേറ്റു, ഏകദേശം 1,400 പേർക്ക് മൂന്ന് മുതൽ അഞ്ച് വരെ വെടിയുണ്ടകളേറ്റു. മാർച്ച് 30 മുതൽ മെയ് 12 വരെ ഒരു ഇസ്രായിലിക്കും ശാരീരികമായി ഉപദ്രവം ഉണ്ടായിട്ടില്ല. ഒരു ഇസ്രായിലി സൈനികന് നിസാര പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മെയ് 14നാണ്. എന്നാൽ അതേ ദിവസം തന്നെ, 60 ഫലസ്തീനികൾ അതിർത്തി വേലിയിലെ പന്ത്രണ്ട് ഏറ്റുമുട്ടലുകളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
2018 ജൂൺ 13ന് ഐക്യരാഷ്ട്ര പൊതുസഭ ഇസ്രായിലിന്റെ ആക്രമണത്തെ അപലപിച്ചു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ഇസ്രായിലിന് എതിരെ രംഗത്തെത്തി. യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഇസ്രായിലിന് എതിരെ കുവൈത്ത് കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക എതിർത്തു. ഫലസ്തീൻ പ്രക്ഷോഭകരെ ഇസ്രായിൽ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. 2019 ഫെബ്രുവരി അവസാനം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ ഒരു സ്വതന്ത്ര കമ്മീഷൻ, ഫലസ്തീനികളുടെ മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച 489 കേസുകളിൽ രണ്ടെണ്ണം മാത്രമേ ഇസ്രായിലി സുരക്ഷാ സേനയുടെ അപകടത്തോടുള്ള പ്രതികരണമായി കണക്കാക്കാനാകൂവെന്ന് വ്യക്തമാക്കി. ബാക്കിയുള്ളവ നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു.
ഫലസ്തീനിൽ നടക്കുന്ന സമരങ്ങളുടെ സ്വാഭാവിക പര്യവസാനം തന്നെയാണ് ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനും സംഭവിച്ചത്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ആ സമരവും അവസാനിച്ചു.
ശരീരത്തിൽനിന്ന് ഇപ്പോഴും മാറ്റാനാകാത്ത വെടിയുണ്ടകളുമായി അബ്ദുറഹ്മാൻ കാമറയും തോളിലേന്തി വാർത്തകൾക്കിടയിലൂടെ നടക്കുന്നു. വെടിയുണ്ടകൾ അവശേഷിച്ച ദേഹമിളക്കി അയാൾ ചിത്രങ്ങൾക്ക് പിറകെ പാഞ്ഞുകൊണ്ടേയിരിക്കുന്നു.
ചികിത്സയുടെ സൗകര്യാർത്ഥം തുർക്കിയിലാണ് അബ്ദുറഹ്മാൻ താമസിക്കുന്നത്. കുടുംബം മുഴുവൻ ഫലസ്തീനിലുണ്ട്. ഒരു കാലത്ത് തങ്ങളാഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയിലും ഉറപ്പിലും അബ്ദുറഹ്മാന്റെ കണ്ണുകളിൽ തിളക്കം കൂടുന്നു. അബ്ദുറഹ്മാൻ കഥ പറഞ്ഞു കഴിയുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകളിൽ ചുവപ്പു പടരും. പക്ഷെ അയാളുടെ മുഖത്ത് ആരിലും കീഴ്‌പ്പെടുത്താനാകാത്ത ആത്മവിശ്വാസം ആരവം തീർക്കും. ആ ആഹ്ലാദത്തിലേക്ക് അയാൾ കാമറ തിരിക്കും. കളിയാരവം കവരുമ്പോൾ അബ്ദുറഹ്മാന്റെ ക്യാമറ മെല്ലെ മന്ത്രിക്കും; പതുക്കെ, നിന്റെയുള്ളിലെ വെടിച്ചില്ലുകൾ പൊട്ടിച്ചിതറും..