Sorry, you need to enable JavaScript to visit this website.

ഒടുവില്‍ 11 വര്‍ഷത്തിനുശേഷം നേരറിയാന്‍ സി.ബി.ഐ: പ്രതീക്ഷയോടെ കുടുംബം

കൊല്ലം- പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ എത്തുന്നതോടെ സത്യം തെളിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി റാണയുടെ മരണത്തിന് പിന്നിലെ സംശയങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നീതിക്കായി പോരാടുകയാണിവര്‍.
2011 മാര്‍ച്ച് 26  പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാന്‍ പോയ മകന്‍ ഒരു ബേക്കറിയില്‍ തല കറങ്ങി വീണുവെന്ന വിവരമാണ് അച്ഛന്‍ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്. ഓടിച്ചെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മകന്‍ ജീവനോടെയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന കാര്യം കുടുംബം അറിയുന്നത്. പിന്നെ പോലീസിന്റെയും െ്രെകം ബ്രാഞ്ചിന്റെയും അന്വേഷണം. പക്ഷേ എങ്ങനെ മരിച്ചുവെന്ന് മാത്രം കണ്ടെത്താനായില്ല. നീതി തേടി അലഞ്ഞ അച്ഛന്‍ സുധീന്ദ്ര പ്രസാദ് സി.ബി.ഐ അന്വേഷണത്തിനായി ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണം സി.ബി.ഐക്ക് വിട്ട കോടതി ഉത്തരവ് വിധി കേള്‍ക്കാന്‍ പക്ഷേ അച്ഛന്‍ ഉണ്ടായിരുന്നില്ല. അച്ഛന്റെ സ്ഥാനത്ത് നിന്ന് പിന്നെ കേസ് നടത്തിയത് ചെറിയച്ഛനാണ്.
തുടക്കം മുതല്‍ അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയെന്നാണ് കുടുംബം പറയുന്നത്. പരാതി നല്‍കി 20 ദിവസത്തിന് ശേഷമാണ് മൊഴിയെടുക്കാന്‍ പോലീസ് വീട്ടിലെത്തിയത്. 11 വര്‍ഷത്തിലേറെയായി മകന്റെ മരണത്തിന് പിന്നിലെ സംശയങ്ങള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് റാണയുടെ അച്ഛന്‍ സുധീന്ദ്ര പ്രസാദ് കയറാത്ത ഓഫീസുകളില്ല. സി.ബി.ഐ എത്തുന്നതോടെ നേരറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

 

Latest News