Sorry, you need to enable JavaScript to visit this website.

റോഡില്‍ പതിച്ച കൂറ്റന്‍ പാറ നീക്കം ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു

ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഫൈഫയില്‍ ശുമൈല, വാദി അല്‍സഖഫ് റോഡില്‍ പതിച്ച കൂറ്റന്‍ പാറ. വലത്ത്: പാറ പൊട്ടിക്കല്‍ ജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍.

ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഫൈഫയില്‍ ശുമൈല, വാദി അല്‍സഖഫ് റോഡില്‍ പതിച്ച കൂറ്റന്‍ പാറ നീക്കം ചെയ്യാനുള്ള ശ്രമം ബന്ധപ്പെട്ട വകുപ്പുകള്‍ ഉപേക്ഷിച്ചു. മലയിടിച്ചിലില്‍ റോഡില്‍ പതിച്ച പാറ പൊട്ടിച്ച് നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ച ശേഷമാണ് ശ്രമം പാതിവഴിയില്‍ അധികൃതര്‍ ഉപേക്ഷിച്ചത്. റോഡില്‍ പതിച്ച കൂറ്റാന്‍ പാറ കാരണം പ്രദേശത്ത് വലിയ ടാങ്കറുകളില്‍ വെള്ളം എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉടലെടുത്തിരുന്നു. ഇത് പ്രദേശവാസികളുടെ ദുരിതം വര്‍ധിക്കാന്‍ ഇടയാക്കി.
പ്രദേശവാസികള്‍ മുറവിളി കൂട്ടിയതിനെ തുടര്‍ന്നാണ് പാറ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമം ആരംഭിച്ചത്. പാറ പൊട്ടിച്ച് മാറ്റാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി പാറ പൊട്ടിക്കല്‍ ജോലികള്‍ ആരംഭിച്ചു. എന്നാല്‍ പൊട്ടിക്കല്‍ ജോലിക്കിടെ പാറ താഴേക്ക് പതിച്ച് അടിഭാഗത്ത് താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാക്കിയേക്കുമെന്ന ഭീതികള്‍ കാരണം പൊട്ടിക്കല്‍ ജോലികള്‍ പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു.
അഞ്ചു മാസം മുമ്പാണ് മലയിടിച്ചിലിനിടെ കൂറ്റന്‍ പാറ റോഡില്‍ പതിച്ചത്. ചെറിയ വാഹനങ്ങള്‍ക്ക് മാര്‍ഗ തടസ്സമായി മാറിയില്ലെങ്കിലും ടാങ്കറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് റോഡിലൂടെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം ഇതുമൂലം ഉടലെടുത്തു. തുടര്‍ന്നാണ് നാട്ടുകാരുടെ അപേക്ഷയും മുറവിളിയും കണക്കിലെടുത്ത് പാറ പൊട്ടിച്ചുനീക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ ആരംഭിച്ചത്. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും റോഡ് പൂര്‍ണ തോതില്‍ ഗതാഗത യോഗ്യമാക്കുകയും ചെയ്യുന്ന നിലക്ക് ആധുനിക മാര്‍ഗങ്ങള്‍ അവലംബിച്ച് പാറ പൊട്ടിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

 

 

Latest News