Sorry, you need to enable JavaScript to visit this website.

റിസോര്‍ട്ട് ആരോപണം കൃത്യമായ ആസൂത്രണത്തോടെ, പരാതി എഴുതി നല്‍കിയാല്‍ ഇ.പി ജയരാജന്‍ വെട്ടിലാകും

കോഴിക്കോട് :  കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്റെ ആരോപണം പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് കൃത്യമായ ആസുത്രണത്തോടെയുള്ളതെന്ന് സൂചന. തുടര്‍ഭരണം പാര്‍ട്ടിയിലുണ്ടാക്കിയ ജീര്‍ണ്ണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റു തിരുത്തല്‍ രേഖ സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ സ്വത്ത് സമ്പാദന ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെ പരാതി എഴുതി നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചതും ഇത്തരമൊരു ആരോപണം ഉയരുമെന്നതിനെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നതിന്റെ സൂചനയാണ്.
സാധാരണ ഗതിയില്‍ സി.പി.എമ്മിന്റെ ഉന്നത ഫോറങ്ങളില്‍ യോഗത്തിനിടെ നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അതില്‍ മറ്റ് അംഗങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷം മാത്രമാണ് അന്തിമ തീരുമാനത്തിലെത്താറുള്ളത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് അംഗങ്ങളുടെ നിലപാടുകളും അന്തിമ തീരുമാനത്തില്‍ നിര്‍ണ്ണായകമാണ്. ആരോപണ വിധേയനായ ഇ.പി.ജയരാജന്‍ സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ഉന്നയിക്കപ്പെട്ട ആരോപണം ചര്‍ച്ചക്കെടുക്കാന്‍ സമയമില്ലെങ്കില്‍ അത് അടുത്ത യോഗത്തിലേക്ക് മാറ്റിവെയ്ക്കുന്ന പതിവുമുണ്ട്. എന്നാല്‍ ഇവിടെ അതൊന്നും ചെയ്യാതെ നേരിട്ട് പരാതി എഴുതി നല്‍കാന്‍ പി.ജയരാജനോട് നിര്‍ദ്ദേശിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തത്. പരാതി എഴുതി നല്‍കാന്‍ പി.ജയരാജന്‍ തയ്യാറായാല്‍ അത് വളരെ ഗൗരവമുള്ള പ്രശ്‌നമായി മാറും. പാര്‍ട്ടി ചട്ടപ്രകാരം പരാതിയിലെ അന്വേഷണത്തിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടി വരും. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. പരാതി എഴുതി നല്‍കിയാല്‍ ഇ.പി.ജയരാജന്‍ കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍ കേന്ദ്ര കമ്മറ്റിക്കും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ജനുവരിയിലാണ് അടുത്ത കേന്ദ്ര കമ്മറ്റി യോഗം നടക്കുന്നത്. നാളെയും മറ്റന്നാളുമായി പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ടെങ്കിലും അജണ്ടയിലില്ലാത്ത വിഷയമായതിനാല്‍ പോളിറ്റ് ബ്യൂറോയ്ക്ക് ഈ വിഷയം ചര്‍ച്ചെടുക്കേണ്ട കാര്യമില്ല. പരാതിയെപ്പറ്റി യോഗത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ജനറല്‍ സെക്രട്ടറി അതിന് മറുപടി പറയുമെന്ന് മാത്രം.
ഇ.പി.ജയരാജനെതിരെയുള്ള പരാതി എഴുതി നല്‍കാന്‍ എം.വി.ഗോവിന്ദന്‍ പി.ജയരാജനോട് നിര്‍ദ്ദേശിച്ചത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പോലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വളരെ ഗൗരവത്തോടെ തന്നെ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം യാതൊരു പ്രതികരണവും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം പരാതി എഴുതി നല്‍കാന്‍ പി.ജയരാജന്‍ തയ്യാറായാല്‍ മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ വലിയ റോളില്ലാത്ത അവസ്ഥ വരും. പിന്നീട് ഏതെങ്കിലും തരത്തിലുള്ള ഒത്തു തീര്‍പ്പുണ്ടാകില്ല, എല്ലാം പാര്‍ട്ടി ചട്ട പ്രകാരമേ നടക്കു. അതുകൊണ്ട് തന്നെ പരാതി എഴുതി നല്‍കാതിരിക്കുന്നതിനുള്ള സമ്മര്‍ദ്ദം ഇ.പി ജയരാജനെ അനകൂലിക്കുന്നവരില്‍ നിന്നുണ്ടായേക്കും.
ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ തള്ളിയ ആരോപണമാണ് പി.ജയരാജന്‍ വീണ്ടും ഉന്നയിച്ചതെന്നാണ് ഇ.പി.ജയരാജന്റെ വാദം. ജില്ലാ സെക്രട്ടറിയേറ്റ് തള്ളിയ ആരോപണം സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തണമെങ്കില്‍ ആരോപണം ഉന്നയിക്കുന്ന ആളുടെ കൈയ്യില്‍ കൃത്യമായ തെളിവുകളുണ്ടായിരിക്കണം. ഈ തെളിവുകളൊന്നും ജില്ലാ സെക്രട്ടറിയേറ്റ് പരിശോധിച്ചില്ലെന്ന് തെളിയിക്കാനുമാകണം. എന്തും നേരിടാന്‍ തയ്യാറായിക്കൊണ്ട് തന്നെയാണ് സംസ്ഥാന കമ്മറ്റിയില്‍ പി.ജയരാജന്‍ ആരോപണമുന്നയിച്ചതെന്ന് വ്യക്തം. ഇതിന് എം.വി.ഗോവിന്ദന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന കാര്യം പി.ജയരാജന്‍  ഉറപ്പാക്കിയിട്ടുണ്ടാകണം. പാര്‍ട്ടി ചട്ടക്കൂടുകളിലും കമ്യൂണിസ്റ്റ് ജീവിത രീതിയിലും ഒട്ടും വ്യതിചലിക്കാതെ കാര്‍ക്കശ്യം പുലര്‍ത്തുന്ന ആളാണ് എം.വി.ഗോവിന്ദന്‍. അതുകൊണ്ട് തന്നെയാണ് നേരത്തെ തന്നെയുള്ള ഒരു വിഷയം എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഉന്നയിക്കാന്‍ പി.ജയരാജന്‍ തയ്യാറായാത്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നതെങ്കില്‍ അതിന് വേണ്ടത്ര പിന്തുണ കിട്ടുമായിരുന്നില്ലെന്ന കാര്യം ഉറപ്പാണ്.
അനാരോഗ്യത്തിന്റെ പേര് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ഇ.പി.ജയരാജന്‍ തുടര്‍ച്ചയായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തെ വലിയ തോതില്‍ അസ്വസ്ഥരാക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ നിരവധി വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി നേതാവെന്ന നിലയില്‍ അതിനെ ശക്തമായി പ്രതിരോധിക്കേണ്ട സമയത്ത് ഇ.പിയുടെ അസാന്നിധ്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി കടന്നിരിക്കുകയാണ്. ഇതിന് നേതൃപരമായ പങ്ക് വഹിക്കേണ്ട ചുമതല കൂടി ഇ.പി ജയരാജനുണ്ട്.
കണ്ണൂര്‍ വെള്ളിക്കലിലെ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള 'വൈദേകം' എന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവിലാണ് ഇ.പി ജയരാജന്‍ അനധികൃത സമ്പാദ്യം നടത്തുന്നതെന്നാണ് പി.ജയരാജന്റെ ആരോപണം. ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നേരത്തെ ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇത് സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരാണ്. തന്റെ കുടുംബം നിയമപരമായ മാര്‍ഗത്തിലൂടെ ധനസമ്പാദനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന വാദമായിരിക്കും ഇ.പി.ജയരാജന്‍ തനിക്കെതിരെയുള്ള പരാതിയില്‍ ഉയര്‍ത്തുക. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കതിരെ നിരവധി പരാതികള്‍ ഉയരുകയും ജയില്‍വാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്തപ്പോള്‍ കോടിയേരിയെ സംരക്ഷിക്കുകയാണ് പാര്‍ട്ടി ചെയ്തത്. പാര്‍ട്ടി നേതാക്കളുടെ കുടുംബങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പാര്‍ട്ടിക്കോ ആ നേതാവിനോ ഉത്തരവാദിത്തമില്ലെന്നും പാര്‍ട്ടി ഇത്തരം വിഷയങ്ങളില്‍ ഇടപെടുകയോ അവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്യില്ലെന്നുമാണ് അന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയുമെല്ലാം ഈ നിലപാടില്‍ തന്നെയായിരുന്നു. തന്റെ കുടുംബത്തിന്റെ കാര്യത്തിലും ഇതേ പരിഗണന തനിക്ക് ലഭിക്കണമെന്നായിരിക്കും ഇ.പി.ജയരാജന്‍ വാദിക്കുക.
 

Latest News