ആലപ്പുഴ- തട്ടാരമ്പലത്തെ റേഷൻ സംഭരണ കേന്ദ്രത്തിൽ നിന്ന് അരിയും ഗോതമ്പും കടത്തിയ കേസിൽ ഉദ്യോ ഗസ്ഥരടക്കം കൂടുതൽ പേർ പ്രതികളാകുമെന്ന് സൂചന. ഇതിനകം നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ സപ്ലൈകോ ജീവനക്കാരനും വാതിൽപ്പടി കരാറുകാരനും ഉൾപ്പെടുന്നു. രണ്ടു ലക്ഷത്തിലധികം കിലോ ഭക്ഷ്യധാന്യം കടത്തിയ സംഭവം ഇവരിൽ മാത്രമായി ഒതുങ്ങില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
പോലീസ്, വിജിലൻസ് അന്വേഷണം ഊർജിതമാകുമ്പോൾ കൂടുതൽ പേർ പിടിയിലാകുമെന്ന് പറയപ്പെടുന്നു. ഒരു വർഷത്തിനിടെയാണ് ഇത്രയധികം ഭക്ഷ്യധാന്യങ്ങൾ തട്ടാരമ്പലത്തെ ഗോഡൗണിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഏകദേശം 4200 ഓളം ചാക്ക് സാധനമാണിത്.
60 ചാക്ക് അരിയും ഗോതമ്പും കടത്തിയ കേസ് അന്വേഷിച്ചാണ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷമാണ് സംഭരണ കേന്ദ്രത്തിൽ പരിശോധന നടക്കുകയും വൻ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂർ താലൂക്കിലെ റേഷൻ കടകൾ മുഖേന വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് തട്ടാരമ്പലത്തെ ഗോഡൗണിൽ സൂക്ഷിക്കുന്നത്. ക്രമക്കേട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഗോഡൗൺ സന്ദർശിച്ചിരുന്നു. തട്ടാരമ്പലത്തെ റേഷൻ തട്ടിപ്പ് ഐ.ജി റാങ്കിലുള്ള വിജിലൻസ് ഓഫീസർ അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.
60 ചാക്ക് ധാന്യങ്ങളുടെ ക്രമക്കേട് അന്വേഷിക്കുന്ന മാവേലിക്കര പോലീസ് കൂടുതൽ അന്വേഷണത്തിനായി സപ്ലൈകോ വിജലൻസിനോട് ശുപാർശ ചെയ്തിട്ടുണ്ട്. സംഭവം പുറത്തായപ്പോൾ തന്നെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനാൽ വിജിലൻസിന്റെ തുടരന്വേഷണത്തിന് കാലതാമസമുണ്ടാവുകയായിരുന്നു. പോലീസിന്റെ ശുപാർശ വരുന്നതോടെ വിജിലൻസ് അന്വേഷണം കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ. തട്ടാരമ്പലം സംഭരണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി രാജു, വാതിൽപ്പടി റേഷൻ വിതരണക്കരാർ എടുത്ത ചെറുതന സ്വദേശി സന്തോഷ് വർഗീസ്, ചെറിയനാട് സ്വദേശി ജോസഫ് സുകു, ലോറി ഡ്രൈവർ മണ്ണാറശാല സ്വദേശി വിഖിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
റിമാന്റിലായ ഇവരെ കഴിഞ്ഞ ദിവസം തട്ടാരമ്പലത്തെ ഗോഡൗൺ പ്രദേശത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ ചെങ്ങന്നൂരിലെ റേഷൻ വാതിൽപ്പടി വിതരണക്കരാർ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന പരാതിയും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. സപ്ലൈകോ രേഖകളിലെ വാതിൽപ്പടി വിതരണ കരാറുകാരൻ മുട്ടം സ്വദേശിയായ റെജിയാണ് ഇതു സംബന്ധിച്ച് മാവേലിക്കര പോലീസിൽ പരാതി നൽകിയത്.
കരാറിനുള്ള അപേക്ഷകളിലും മറ്റ് രേഖകളിലും താൻ ഒപ്പിട്ടിട്ടില്ലെന്നും വ്യാജ രേഖകൾ ഹാജരാക്കിയാണ് തന്റെ പേരിൽ കരാർ എടുത്തിരിക്കുന്നതെന്നും റെജിയുടെ പരാതിയിലുണ്ട്. ഇതിനു പിന്നിൽ അറസ്റ്റിലായ സന്തോഷ് വർഗീസാണെന്ന് പോലീസ് സൂചിപ്പിക്കുന്നു.
അതേസമയം, തൃക്കുന്നപ്പുഴയിലെ റേഷൻ കടകളിൽ വിതരണത്തിനു കൊണ്ടുപോയ അരി കടത്തിയ കേസിൽ പോലീസ് നടപടി വൈകുന്നതായി ആക്ഷേപമുണ്ട്.
ഈ മാസം അഞ്ചിനാണ് വലിയകുളങ്ങര ക്ഷേത്രത്തിന് വടക്കുള്ള ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് അരി കൊണ്ടുപോയ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാറ്റി കടത്തിയത്. ഇതിന്റെ ദൃശ്യം നാട്ടുകാർ പകർത്തിയാണ് കലക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കിയതുൾപ്പെടെയുള്ള നടപടി സപ്ലൈകോയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഇതു സംബന്ധിച്ച പോലീസ് പരാതിയിൽ തുടർ നടപടികളുണ്ടാകാത്തത് ദുരൂഹതയുയർത്തുന്നു.