Sorry, you need to enable JavaScript to visit this website.

വ്യവസായ മേഖലക്ക് പുത്തനുണർവ്; മലപ്പുറത്ത് 131 കോടിയുടെ നിക്ഷേപം

മലപ്പുറം കാവുങ്ങൽ ഹോട്ടൽ സൂര്യ റീജൻസിയിൽ നടന്ന ജില്ലാതല നിക്ഷേപ സംഗമം പി.ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- ജില്ലയിലെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവേകാൻ 131.88 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച നിക്ഷേപക സംഗമം. നിക്ഷേപ തത്പരരായ സംരംഭകരെ ഉൾപ്പെടുത്തി 131.88 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തോടൊപ്പം 1328 പേർക്ക് പുതിയ തൊഴിൽ അവസരങ്ങളുമാണ് പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. 
ജില്ലാതല നിക്ഷേപക സംഗമം പി.ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവിധ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുക, സംരംഭകരുടെ നൂതന ആശയങ്ങളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 
നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വായ്പകളും സബ്സിഡിയും വകമാറ്റി ചെലവഴിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് എം.എൽ.എ പറഞ്ഞു. വായ്പകൾ തിരിച്ചടക്കാൻ കഴിവുള്ളവർ പോലും പലപ്പോഴും തിരിച്ചടവ് മുടക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. 
സാധ്യതകൾ തിരിച്ചറിഞ്ഞ് സംരംഭങ്ങൾ ആരംഭിക്കുന്നതോടൊപ്പം ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ സാധിക്കണമെന്നും അദ്ദേഹം നിക്ഷേപകരെ ഓർമപ്പെടുത്തി. 
മലപ്പുറം സൂര്യ റിജൻസിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷനായിരുന്നു.  സംരംഭകർക്ക് ഏറ്റവും കൂടുതൽ വായ്പ അനുവദിച്ച ധനകാര്യ സ്ഥാപനങ്ങൾക്ക് എം.എൽ.എ ഉപഹാരം നൽകി. സംഗമത്തിൽ 110 സംരംഭകർ അവരുടെ ആശയങ്ങളും കർമ പരിപാടികളും ധനകാര്യ സ്ഥാപനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് വിഷയ വിദഗ്ധർ മറുപടി നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കിൻഫ്ര, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി, എസ്.ഐ.ഡി.ബി.ഐ, കനറാ ബാങ്ക്, നബാർഡ്, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നിക്ഷേപകർക്ക് വിശദീകരിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും സംഘടിപ്പിച്ചു. 
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളും അഞ്ചു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന സർക്കാർ ലക്ഷ്യം എട്ടു മാസത്തിനകമാണ് വ്യവസായ വാണിജ്യ വകുപ്പ് പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 18,601 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടതിൽ ഇതുവരെ 10,216 സംരംഭങ്ങൾക്കാണ് തുടക്കമായത്. കൂടാതെ 760.8 കോടിയുടെ നിക്ഷേപവും 23,860 തൊഴിലവസരങ്ങളും ജില്ലയിൽ സൃഷ്ടിക്കാനായി. 
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, മലപ്പുറം കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി കരീം, എ.ഡി.പി മുരളീധരൻ, മലപ്പുറം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി അൻവർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എ.കെ റഹ്മത്തലി, എ.അബ്ദുല്ലത്തീഫ്, കെ.ലതിക, സി.കെ മുജീബ് റഹ്മാൻ, ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.

Latest News