റിയാദ് - വിദേശ രാജ്യങ്ങളില്‍നിന്ന് നേടിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കു പകരം സൗദി ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് സൗദി വനിതകള്‍ക്കും വിദേശ വനിതകള്‍ക്കും ട്രാഫിക് ഡയറക്ടറേറ്റ് അവസരമൊരുക്കുന്നു.
വിദേശ ഡ്രൈവിംഗ് ലൈസന്‍സിനു പകരം സൗദി ലൈസന്‍സ് നേടുന്നതിന് ആഗ്രഹിക്കുന്നവര്‍ www.sdlp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് നേടണം.
അടുത്ത തിങ്കളാഴ്ച മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ജൂണ്‍ 24 ന് വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍വരും.
വിദേശ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കായി 21 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറൈദ, ഉനൈസ, ഹായില്‍, തബൂക്ക്, ജിദ്ദ, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, ഖുറയ്യാത്ത്, സകാക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍. ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒറിജിനലാണെന്നും അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് അറിയാമെന്നും ഉറപ്പുവരുത്തിയാണ് ലൈസന്‍സ് മാറ്റിനല്‍കുക.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മുഴുവന്‍ തയാറെടുപ്പുകളും ട്രാഫിക് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏതാനും യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതില്‍ ചില സ്‌കൂളുകള്‍ ഡ്രൈവിംഗ് പരിശീലിക്കുന്നതിന് ആഗ്രഹിക്കുന്നവരെ സ്വീകരിച്ചുതുടങ്ങി. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കാണ് ഇതിനകം ലൈസന്‍സ് നല്‍കിയത്. ഏതാനും നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്.
സൗദിയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് ആദ്യമായാണ് യൂനിവേഴ്‌സിറ്റികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളാണ് യൂനിവേഴ്‌സിറ്റികള്‍ ഒരുക്കിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റികള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് പഠനത്തെ ബാധിക്കാത്ത നിലക്ക് ഡ്രൈവിംഗ് പരിശീലനം നേടുന്നത് വിദ്യാര്‍ഥിനികള്‍ക്ക് എളുപ്പമാക്കും.
ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് വശമുള്ളവര്‍ ആറു മണിക്കൂറും അല്ലാത്തവര്‍ പരമാവധി 30 മണിക്കൂറുമാണ് ഡ്രൈവിംഗ് പരിശീലനം നേടേണ്ടത്. എത്രമാത്രം വേഗത്തില്‍ ഡ്രൈവിംഗ് വശമാക്കുന്നോ അതിനനുസരിച്ച് പരിശീലനം നേടേണ്ട സമയത്തില്‍ കുറവുണ്ടാകും.