തിരുവനന്തപുരം : സി.പി.എം സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇപി കേന്ദ്രകമ്മിറ്റിയംഗമാണെന്നും പാര്‍ട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണെന്നുമായിരുന്നു പി ജയരാജന്റെ മറുപടി പറഞ്ഞു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചുവെന്നത് വ്യാജവാര്‍ത്തയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇപി ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. താന്‍ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടില്‍ മതപരമായ വര്‍ഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും പി.ജയരാജന്‍ പറഞ്ഞു.
അതേസമയം മൊറാഴയിലെ വിവാദമായ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപി ജയരാജന്‍ പറഞ്ഞു. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോര്‍ട്ടെന്ന് ഇപി ജയരാജന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. സംഭവത്തില്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം.