കൊച്ചി- കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സംഘര്‍ഷമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധക്കാര്‍ പൊലീസിനു നേരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതായി ആരോപണം. ഹിന്ദു പൊലീസുകാരെ പള്ളിയില്‍ കയറ്റില്ലെന്നാമ് പ്രതിഷേധക്കാര്‍ ആക്രോശിച്ചത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പള്ളിയിലെ അള്‍ത്താരയില്‍ ഒരേ സമയം രണ്ട് രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ വിമത വിഭാഗക്കാരായ പുരോഹിതര്‍ ജനാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിച്ചത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.
ബിഷപ്പ് ആന്റണി പൂതവേലിനെ ഗോബാക്ക് വിളിച്ച് വിമത വിഭാഗക്കാര്‍ രംഗത്തെത്തിയതോടെ ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇവരെ തടയാനും രംഗത്തെത്തി. പരസ്പരം അസഭ്യം വിളിച്ചും മുദ്രാവാക്യം മുഴക്കിയും പള്ളിക്കുള്ളില്‍ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന തെറി വിളിച്ചതായും ആരോപണമുണ്ട്.
സംഘര്‍ഷത്തിലെത്തിയതോടെ നിയന്ത്രിക്കാന്‍ പോലീസെത്തിയപ്പോഴാണ് ഹൈന്ദവ പോലീസുകാര്‍ കയറരുതെന്നും ഹൈന്ദവര്‍ക്ക് പള്ളിയില്‍ കയറാന്‍ പറ്റില്ലെന്നും പറഞ്ഞത്.
ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപത അപസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചത്. സിനഡിന് മറുപടി നല്‍കുമെന്നാണ് വിമത വിഭാഗത്തിന്റെ മറുപടി.