ബംഗളൂരു- തുടർച്ചയായ മൂന്നാം വിജയത്തോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഐ.പി.എല്ലിൽ പ്രതീക്ഷ നിലനിർത്തി. ആവേശകരമായ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവർ 14 റൺസിന് തോൽപിച്ചു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ അവസാനം വരെ പൊരുതിയെങ്കിലും അവസാന ഓവറിൽ 20 റൺസ് വേണമെന്ന ഘട്ടത്തിൽ പുറത്തായി. രാജസ്ഥാൻ റോയൽസിനെതിരായ ബാംഗ്ലൂരിന്റെ അവസാന മത്സരത്തിൽ ജയിക്കുന്ന ടീം പ്ലേഓഫിലെത്തിയേക്കും. സ്‌കോർ: ബാംഗ്ലൂർ ആറിന് 218, ഹൈദരാബാദ് മൂന്നിന് 204.
പതിഞ്ഞ തുടക്കത്തിനു ശേഷം എബി ഡിവിലിയേഴ്‌സും (39 പന്തിൽ 69) മുഈൻഅലിയുമാണ് (34 പന്തിൽ 65) ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ (12) നഷ്ടപ്പെട്ട ബാംഗ്ലൂർ അഞ്ചോവറിൽ രണ്ടിന് 38 ൽ പരുങ്ങുമ്പോഴാണ് ഇരുവരും കടിഞ്ഞാണേറ്റെടുത്തത്. കോളിൻ ഗ്രാൻഡോമും (17 പന്തിൽ 40) സർഫറാസ് ഖാനും (8 പന്തിൽ 22 നോട്ടൗട്ട്) ഒടുക്കവും ഗംഭീരമാക്കി.
മലയാളി പെയ്‌സ്ബൗളർ ബെയ്‌സിൽ തമ്പി നാലോവറിൽ വഴങ്ങിയത് 70 റൺസാണ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും റൺസൊഴുകിയ സ്‌പെല്ലായി ബെയ്‌സിലിന്റേത്. 2013 ൽ ഇശാന്ത് ശർമ 66 റൺസും ഉമേഷ് യാദവ് 65 റൺസും വഴങ്ങിയതായിരുന്നു ഇതുവരെ റെക്കോർഡ്. ഭുവനേശ്വർകുമാറിന്റെ അഭാവത്തിൽ ലെഗ്‌സ്പിന്നർ റാഷിദ് ഖാൻ (4-0-27-3) മാത്രമാണ് ബൗളിംഗിൽ തിളങ്ങിയത്.
തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാം അമ്പയറുടെ തെറ്റായ വിധിയിൽ രക്ഷപ്പെട്ട അലക്‌സ് ഹെയ്ൽസും (24 പന്തിൽ 37) ശിഖർ ധവാനും (15 പന്തിൽ 18) ഹൈദരാബാദിന് നല്ല തുടക്കം നൽകി. വില്യംസനും (42 പന്തിൽ 81) മനീഷ് പാണ്ഡെയും (38 പന്തിൽ 62 നോട്ടൗട്ട്) കടിഞ്ഞാണേറ്റെടുക്കുകയും ചെയ്തു. എന്നാൽ ഹൈദരാബാദിന് പിടിച്ചാൽ കിട്ടുന്നതിനുമപ്പുറത്തായിരുന്നു ബാംഗ്ലൂരിന്റെ സ്‌കോർ.