Sorry, you need to enable JavaScript to visit this website.

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി  പോലീസ് കമ്മിഷണര്‍മാരെ മാറ്റി 

തിരുവനന്തപുരം-പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണര്‍മാര്‍ മാറും. സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. കെ.സേതുരാമന്‍ കൊച്ചിയിലും രാജ്പാല്‍ മീണ കോഴിക്കോടും കമ്മിഷണറാകും.
സൈബര്‍ ഓപ്പറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച് ടി.വിക്രമിനെ നിയമിച്ചു. പോലീസ് ആസ്ഥാന എഡിജിപിയുടെ തസ്തികയ്ക്കു തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. വിക്രമിനു പുറമെ, ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയര്‍ത്തി.
ഗോപേഷ് അഗര്‍വാളിനെ കേരള പോലീസ് അക്കാദമി ഡയറക്ടറായും എച്ച്.വെങ്കിടേഷിനെ സായുധ പോലീസ് ബറ്റാലിയന്‍ എഡിജിപിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അധിക ചുമതലയും വെങ്കിടേഷ് വഹിക്കും. നീരജ് കുമാര്‍ ഗുപ്ത, എ.അക്ബര്‍ എന്നിവരെ ഐജിമാരായി ഉയര്‍ത്തി. ഗുപ്തയെ ഉത്തരമേഖലാ ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു. ജി.സ്പര്‍ജന്‍ കുമാറാണ് പുതിയ ദക്ഷിണമേഖല ഐജി. ഹര്‍ഷിത അട്ടല്ലൂരിയെ വിജിലന്‍സ് ഐജിയായും പി.പ്രകാശിനെ ഇന്റലിജന്‍സ് ഐജിയായും നിയമിച്ചു.
 

Latest News