മലപ്പുറം-കൗണ്‍സിലിംഗ്് സൈക്കോളജിയുടെ മറവില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ ചെമ്മാട് പ്രവര്‍ത്തിക്കുന്ന ഈസ് എഡ്യുക്കേഷണല്‍ ഹബിന്റെ ഉടമ പി.വി. ജമാലുദീനെ(24)യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെയും വാട്സ് ആപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ലോഡ്ജില്‍വെച്ച് കയറിപ്പിടിച്ചെന്നുമാണ് യുവതി പോലീസിനു പരാതി നല്‍കിയത്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നു യുവതി പറഞ്ഞു. കൗണ്‍സിലിംഗിന്റെ പേരില്‍ ലൈംഗികമായി ഉപദ്രവിച്ചു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇയാളുടെ സ്ഥാപനത്തിലെത്തിയ ചില യുവതികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു.
നേരത്തെ കോഴ്സ് ചെയ്തിരുന്ന സമയത്ത് തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ ഇയാളോടു പങ്കുവച്ചിരുന്നു. ഈ സമയത്ത് വ്യക്തമായ മറുപടി ഇയാള്‍ തന്നിരുന്നില്ല. പിന്നീട് ഞാന്‍ ഇയാളെ ഫോണ്‍ വിളിച്ചു. എന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരുവാന്‍ കൗണ്‍സിലിംഗ് നടത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇയാള്‍ തന്നെ കൗണ്‍സിലിംഗ് നടത്താമെന്നും കൗണ്‍സിലിംഗ് നടത്തുന്ന സമയത്ത് സ്ത്രീകള്‍ കൂടെയുണ്ടാകുമെന്നും പറഞ്ഞു. തുടര്‍ന്നാണ് തന്റെ വീട്ടിലേക്ക് കാറുമായി വന്നു ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി മുറിയെടുത്തത്. മുറിയിലെത്തി ഏറെ സമയം കഴിഞ്ഞിട്ടും വനിതാ കൗണ്‍സിലര്‍ വരാതിരുന്നപ്പോള്‍ എനിക്കു വീട്ടില്‍ പോകണമെന്നു ഇയാളോട് പറഞ്ഞു. വനിതാ കൗണ്‍സിലര്‍ എന്താണു വരാന്‍ താമസിക്കുന്നതെന്ന് ചോദിച്ചതിനു മറുപടിയുണ്ടായില്ല. വീണ്ടും പോകണമെന്നു പറഞ്ഞപ്പോള്‍ അയാള്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്നാണ് ലൈംഗികാതിക്രമത്തിനു ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 17നാണ് യുവതി തിരൂരങ്ങാടി പോലീസിനു പരാതി നല്‍കിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.