ഖമീസ് മുശൈത്ത്- മക്ക, ജിദ്ദ, തായിഫ്, അറാര്‍ തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത തോതില്‍ മഴ ലഭിച്ചപ്പോള്‍ മഴയ്ക്കായി പ്രാര്‍ത്ഥനകളുമായി കഴിയുകയാണ് അസീറിലെ കര്‍ഷകര്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏതാനും വര്‍ഷമായി മഴ കുറഞ്ഞു വരികയാണെന്ന് കര്‍ഷകര്‍ പറയുന്നു. ശൈത്യ കാലം പിടിമുറുക്കുന്നതിന്ന് മുന്നോടിയായി സാധാരണയായി ആവശ്യത്തിന് മഴ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കൃഷിയിടങ്ങള്‍ ഫലഭൂയിഷ്ടമായിരുന്നു. എന്നാല്‍ മഴ ലഭിക്കാത്തതും വെള്ളത്തിന്റെ ലഭ്യതക്കുറവും വേണ്ടത്ര വിളവെടുപ്പ് നടത്താന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇപ്പോള്‍ സമീപങ്ങളിലെ കിണറുകളാണ് ആശ്രയം. കിണറുകളില്‍നിന്ന് പമ്പ് ചെയ്ത വെള്ളം കൃഷിയിടങ്ങളില്‍ ചാലുകള്‍ തീര്‍ത്ത് വിവിധ കളങ്ങളിലേക്ക് തിരിച്ചുവിടുന്നു.ഇത് സമയനഷ്ടവും ചെലവേറിയതുമാണ്.
തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും ബംഗ്ലാദേശികളാണ്. ഈ മേഖലയില്‍ മലയാളികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ചുരുക്കം ചിലര്‍ മാത്രമേയുള്ളു. ചീര, കൂസ, കക്കിരി, പാവക്ക, തക്കാളി തുടങ്ങിയവ കുറഞ്ഞുവരികയാണ്. മഴ ഇല്ലാത്തതാണ് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. കിണറുകളില്‍ സുലഭമായി വെള്ളം ലഭിക്കുന്നിടങ്ങളില്‍ മാത്രമാണ് ഇതിന്റെ വിളവ് ലഭിക്കുന്നത്. പൊതിന, ജര്‍ജിര്‍ തുടങ്ങി വിവിധ ഇനം ഇലകളും ഉള്ളിയും മാത്രമാണ് മറ്റു തോട്ടങ്ങളില്‍ കാണുന്നത്.
ആവശ്യത്തിന് മഴ ലഭിച്ചാലെ കൂടുതല്‍ ഇനങ്ങള്‍ കൃഷി ചെയ്യാനാകൂ. മഴ ലഭിച്ചില്ലെങ്കില്‍ കിണറുകള്‍ വറ്റിത്തുടങ്ങുമെന്നും ടാങ്കര്‍ വെള്ളം സ്ഥിരമായി വില കൊടുത്ത് ഉപയോഗിക്കാനാവില്ലെന്നും തൊഴിലാളികള്‍ പറയുന്നു. മഴ ലഭിച്ചില്ലെങ്കില്‍ കൃഷിയെ സാരമായി ബാധിക്കുമെന്നതിനാല്‍ ഉടമകളും തൊഴിലാളികളുമെല്ലാം മഴയ്ക്ക് വേണ്ടി പ്രാര്‍ഥനയോടെ കഴിയുന്നു.