Sorry, you need to enable JavaScript to visit this website.

VIDEO മക്കയിലും ജിദ്ദയിലും കനത്ത മഴ; ഡസന്‍ കണക്കിന് കാറുകള്‍ ഒലിച്ചുപോയി

മക്ക - മക്കയിലും ജിദ്ദയിലും സൗദിയിലെ മറ്റേതാനും പ്രവിശ്യകളിലും കനത്ത മഴ. ചിലയിടങ്ങളില്‍ കനത്ത മഴയും മറ്റു ചില പ്രദേശങ്ങളില്‍ ഇടത്തരം മഴയും നേരിയ മഴയുമാണ് പെയ്തത്. മദീന, യാമ്പു, തായിഫ്, അല്‍വജ്, അറാര്‍, ഹായില്‍ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തു.
മക്കയില്‍ രാവിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഡസന്‍ കണക്കിന് കാറുകള്‍ ഒഴുകിപ്പോയി. അല്‍ഉതൈബിയ ഡിസ്ട്രിക്ടിലാണ് ഏറ്റവും വലിയ മഴക്കെടുതിയുണ്ടായത്. ഇവിടെ ഒഴുക്കില്‍ പെട്ട കാറുകള്‍ കുമിഞ്ഞുകൂടി റോഡുകള്‍ അടഞ്ഞു. അല്‍ഉതൈബിയയില്‍ മാത്രം അല്‍സലാം റിലീഫ് സൊസൈറ്റിക്കു കീഴിലെ വളണ്ടിയര്‍മാര്‍ 22 വാഹനങ്ങള്‍ നീക്കം ചെയ്ത് റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതായി സൊസൈറ്റി പ്രസിഡന്റ് സൗദ് അല്‍മാലികി പറഞ്ഞു. മിനാ-അല്‍മുഅയ്‌സിം റോഡില്‍ വെള്ളം കയറിയ റോഡില്‍ നിറയെ യാത്രക്കാരുള്ള ബസ് കുടുങ്ങി.

മക്കയില്‍ വെള്ളം കയറിയ റോഡുകളില്‍ നിന്ന് ടാങ്കറുകള്‍ ഉപയോഗിച്ച് വെള്ളം അടിച്ചൊഴിവാക്കാന്‍ മക്ക നഗരസഭ തീവ്രശ്രമം തുടരുകയാണ്. മഴക്കിടെ വീണോ മറ്റോ വിശുദ്ധ ഹറമില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഫായിസ് അല്‍ഹാരിസി പറഞ്ഞു. മഴക്കിടെ സുരക്ഷ മുന്‍നിര്‍ത്തി മതാഫിലേക്ക് തീര്‍ഥാടകരെ കടത്തിവിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നതായി ഹറംകാര്യ വകുപ്പില്‍ ക്രൗഡ് പ്ലാനിംഗ് മാനേജ്‌മെന്റ് കാര്യ അണ്ടര്‍ സെക്രട്ടറി രിയാദ് അല്‍മാലികി പറഞ്ഞു.
ജിദ്ദ എയര്‍പോര്‍ട്ടില്‍ ചില സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായി ജിദ്ദ എയര്‍പോര്‍ട്ട് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. തുര്‍ക്കി അല്‍ദീബ് പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ല. ചില സര്‍വീസുകള്‍ക്ക് കാലതാമസം നേരിടുക മാത്രമാണ് ചെയ്തത്. സര്‍വീസുകള്‍ പിന്നീട് സാധാരണ നിലയിലായതായും ഡോ. തുര്‍ക്കി അല്‍ദീബ് പറഞ്ഞു.
മക്കയില്‍ മഴക്കെടുതികളുടെ കണക്കുകള്‍ ശേഖരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച ശേഷം നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നഷ്ടപരിഹാരം വിതരണം ചെയ്യും. വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ നഷ്ടപരിഹാര അപേക്ഷകള്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് സമര്‍പ്പിക്കണം. മഴ കാരണം മക്കയില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്കയില്‍ കാറുകള്‍ ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News