സജി ചെറിയാനെതിരെ സി.ബി.ഐ അന്വേഷണം:  കേരള സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് 

കൊച്ചി-മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. പരാതിക്കാരനായ അഭിഭാഷകന്‍ ബിജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി. സിബിഐയോ കര്‍ണാടക പോലീസോ കേസ് അന്വേഷിക്കണം എന്നാണ് ആവശ്യം.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാന്‍ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പോലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Latest News