കല്‍പറ്റ-മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂണ്‍സ് ട്രക്കുകള്‍ താമരശേരി ചുരം കയറിയെത്തിയത് വയനാട്ടുകാര്‍ക്ക് കൗതുകം പകര്‍ന്നു. ട്രക്കുകളില്‍ ഒന്ന് ലക്കിടി തപോവന്‍ റിസോര്‍ട്ട് പരിസരത്തും മറ്റൊന്ന് ചങ്ങലമരത്തിനടുത്തും നിര്‍ത്തിയിട്ടിരിക്കയാണ്. ഇതിന്റെ പടമെടുക്കാനുള്ള തിരക്കായിരുന്നു നേരം വെളുത്തത് മുതല്‍. ഇന്നലെ രാത്രി 11ന് അടിവാരത്തുനിന്നു പുറപ്പെട്ട ട്രക്കുകള്‍ ഒമ്പതു മുടിപ്പിന്‍ വളവുകള്‍ പിന്നിട്ട് ഇന്നു പുലര്‍ച്ചെ 2.15നാണ് വയനാട് അതിര്‍ത്തിയിലെ ലക്കിടിയില്‍ എത്തിയത്. ഇന്നു രാത്രി ട്രക്കുകള്‍ കര്‍ണാടകയിലെ നഞ്ചന്‍ഗോഡിലേക്കുള്ള യാത്ര തുടരും. പാല്‍പ്പൊടി നിര്‍മാണത്തിനുള്ള കൂറ്റന്‍ യന്ത്രങ്ങളാണ് ട്രക്കുകളിലുള്ളത്. നഞ്ചന്‍ഗോഡില്‍ നെസ്ലെ കമ്പനി തുടങ്ങുന്ന പാല്‍പ്പൊടി ഉത്പാദന കേന്ദ്രത്തില്‍ എത്തിക്കേണ്ടതാണ് യന്ത്രങ്ങള്‍.
ചുരത്തിലെ ഒന്നാം വളവ് കയറുന്നതിനിടെ ട്രക്കുകളില്‍ ഒന്നു മൂന്നു തവണ ഓഫായി. പിന്നീടുള്ള വളവുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല. പുലര്‍ച്ചെ ഒന്നോടെയാണ് ട്രക്കുകള്‍ ഏഴാം വളവില്‍ എത്തിയത്. ഇവിടെ ആംബുലന്‍സിനു കടന്നുപോകുന്നതിനു ട്രക്കുകള്‍ കുറച്ചുനേരം നിര്‍ത്തിയിട്ടു. എട്ട്, ഒമ്പത് വളവുകള്‍ക്കിടിയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ വീതികുറഞ്ഞ ഭാഗം ട്രക്കുകള്‍ സുഗമമായി പിന്നിട്ടു. വലിയ തോതില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ട്രക്കുകള്‍ ചുരം കയറ്റിയത്. ട്രക്കുകളിലെ ജീവനക്കാരായി മാത്രം 14 പേരാണ് ഉണ്ടായിരുന്നത്. പോലീസ്, അഗ്‌നി-രക്ഷാസേന, ചുരം സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ ട്രക്കുകള്‍ക്കൊപ്പം സഞ്ചരിച്ചു. ട്രക്കുകള്‍ക്കു സുഗമമായി കടന്നുപോകുന്നതിനു ദേശീയപാത 766ല്‍ ചുരത്തിലും വയനാട് ഭാഗത്തും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതു മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ചു വരെ ചുരത്തില്‍ ആംബുലന്‍സ് ഒഴികെ വാഹനങ്ങള്‍ അനുവദിച്ചിരുന്നില്ല.