Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിന് കർണാടക  നൽകുന്ന മുന്നറിയിപ്പ് 

ലോകം ഇന്നോളം പരീക്ഷിച്ച ഭരണ സംവിധാനങ്ങളിൽ ഭേദം ജനാധിപത്യമാണെന്നതിലും അതിൽ തന്നെ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഉയർന്ന നിലവാരം പുലർത്തുന്നു എന്നതും നിസ്തർക്കമായ യാഥാർത്ഥ്യമാണ്. 
അടിയന്തരാവസ്ഥയുടെ വർഷങ്ങളിലാണ് ഇന്ത്യൻ ജനാധിപത്യം ഫാസിസത്തിന്റെ പ്രകട രൂപം കൈക്കൊണ്ടത്. ജനാധിപത്യപരമായ മാർഗങ്ങളുലൂടെ തന്നെ അതിന് അന്ത്യം കുറിക്കുകയും ചെയ്തു. എന്നിരുന്നാലും നിരവധി സന്ദർഭങ്ങളിൽ ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളികെള നേരിട്ടിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട സംഭവം മുതൽ അതാരംഭിച്ചിട്ടുണ്ട്. പലപ്പോഴും ജനാധിപത്യം പണാധിപത്യത്തിനും കുതിരക്കച്ചവടത്തിനും വർഗീയ - സാമുദായിക താൽപര്യങ്ങൾക്കും കോർപറേറ്റുകൾക്കുമൊക്കെ വേണ്ടി വഴി മാറി നടന്നിട്ടുണ്ട്. അത്തരത്തിൽ  ഉടൻ പരിഹാരം കണ്ടെത്തേണ്ട നിരവധി പ്രശ്‌നങ്ങളാണ് കർണാടക സംഭവങ്ങൾ മുന്നോട്ടു വെക്കുന്നത്. 
ആദ്യത്തെ പ്രശ്‌നം ഗവർണറുടേയും (പ്രസിഡന്റിന്റേയും) തെരഞ്ഞെടുപ്പു തന്നെ. സംസ്ഥാന ഭരണത്തലവനായാലും രാഷ്ട്രത്തലവനായാലും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മറികടന്ന് തീരുമാനങ്ങൾ എടുക്കണമെന്നാണല്ലോ വെപ്പ്. മന്ത്രിസഭ മാറുന്നതുപോലുള്ള അപൂർവ്വം അവസരങ്ങളിലാണ് ഗവർണർമാർക്ക് എന്തെങ്കിലും നിലപാടെടുക്കാൻ അവസരം ലഭിക്കുന്നത്. അപ്പോഴെങ്കിലും നിഷ്പക്ഷമായ നിലപാടെടുക്കാൻ അവർക്ക് കഴിയണം. 
എന്നാൽ സംഭവിക്കുന്നതെന്താണ്? മിക്കവാറും ഗവർണർമാർ അതാതു പാർട്ടികളുടെ പഴയ നേതാക്കളാണ്. വയസ്സു കാലത്ത് അവരെ ഒതുക്കാനുള്ള ഒരു മാർഗമാണ് ഗവർണർ പദവി. വാർദ്ധക്യം മതിയാവോളം ആസ്വദിക്കാൻ ലഭിക്കുന്ന അവസരമുണ്ടോ അവർ പാഴാക്കുന്നു? എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം തീരുമാനിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ നായ്ക്കളേക്കാൾ നന്ദി കാണിക്കാനും ഇവർ മടിക്കില്ല. ഗോവ, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനു ശേഷം സമാന സംഭവമുണ്ടായപ്പോൾ ഗവർണർമാർ എടുത്ത തീരുമാനവും അതിനു കടകവിരുദ്ധമായി ഇപ്പോൾ കർണാടക ഗവർണർ എടുത്ത തീരുമാനവും പരിശോധിച്ചാൽ തന്നെ ഇതു വ്യക്തമാകും. എല്ലായിടത്തും ബിജെപിയെ സഹായിക്കുക എന്ന ഒറ്റ അജണ്ടയാണ് ഗവർണർമാർ നടപ്പാക്കിയത്. മോഡി മന്ത്രിസഭയിൽ അംഗവും മോഡിക്കുവേണ്ടി സ്വന്തം മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയും ചെയ്ത ഒരാളിൽ നിന്നു മറ്റെന്തു പ്രതീക്ഷിക്കാൻ?
സ്വന്തം വാർദ്ധക്യം സുഖലോലുപമാക്കാൻ ഈ ഗവർണർമാർ ചെയ്യുന്നതെന്താണ്? ജനാധിപത്യത്തെ പണാധിപത്യത്തിനു തീറെഴുതുകയാണിവർ. ഗവർണ്ണർക്ക് നൽകിയ വിവേചനാധികാരം ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ്. എന്നാൽ അവർ ചെയ്യുന്നതോ? കർണാടകയിൽ തന്നെ എന്താണ് സംഭവിക്കുന്നത്? തെരഞ്ഞെടുപ്പിനു ശേഷമുള്ള ധാരണ ധാർമ്മികമല്ല എന്നും ധാരണ വേണ്ടിയിരുന്നത് മുമ്പായിരുന്നു എന്നതു വാദത്തിനായി സമ്മതിക്കാം. എന്നാൽ മറുവശത്ത് എന്താണവസ്ഥ? 104 എന്ന ബിജെപിയുടെ നമ്പറിനെ ജനാധിപത്യ മാർഗങ്ങളിലൂടെ ഒരാഴ്ചക്കുള്ളിൽ 122 ആക്കാനാവില്ല എന്ന് ആർക്കുമറിയാം. എന്താണ് സംഭവിക്കുക എന്നുമറിയാം. ദാരിദ്ര്യരേഖയുടെ മാനദണ്ഡം താഴ്ത്തുന്ന പോലെ ഏതാനും കോൺഗ്രസ് - ജെ ഡി എസ് എം എൽ എമാരെ രാജിവെപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കുക എന്ന ജനാധിപത്യത്തെ കൊല ചെയ്യലാണ് നടക്കാൻ പോകുന്നത്. കാലുമാറ്റ നിരോധന നിയമം ശക്തമായതിനാൽ പഴയെ പോലെ ചാക്കിട്ടു പിടിക്കാൻ കഴിയാതായപ്പോഴാണ് ഇത്തരത്തിൽ പുതിയ ജനാധിപത്യ വിരുദ്ധ ശൈലികൾ ഉടലെടുത്തത്. നിലവിലെ നിയമങ്ങളനുസരിച്ച് ഇതിനെ തടയാനുമാകില്ല. ആകെ കഴിയുക എം എൽ എമാരെ തടവിലാക്കുക എന്ന നാണം കെട്ട പരിപാടിയാണ്. കഷ്ടപ്പെട്ട് തെരഞ്ഞെടുപ്പിൽ ജയിച്ച എം എൽ എമാർ രാജിവെക്കണമെങ്കിൽ കോടികൾ ഒഴുകുമെന്നും ആർക്കാണറിയാത്തത്? അതും നമ്മുടെ ജനാധിപത്യത്തിന്റെ ജീർണ്ണത തന്നെ.  
അതിനീചമായ കുതിരക്കച്ചവടത്തിനാണ് ഗവർണർ പച്ചക്കൊടി കാണിക്കാൻ പോകുന്നതെന്നർത്ഥം. മറുവശത്ത് തെരഞ്ഞെടുപ്പിനു ശേഷമാണെങ്കിലും വളരെ കൃത്യമായ രാഷ്ട്രീയ തീരുമാനമാണ് കോൺഗ്രസും ജെഡിഎസും എടുത്തത്. കൃത്യമായ ഭൂരിപക്ഷവും അവർക്കുണ്ട്. വോട്ടിന്റെ എണ്ണവും വളരെ കൂടുതലാണ്. തീർച്ചയായും അവരെയാണ് ഗവർണർ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കേണ്ടത്. അതാണ് ജനാധിപത്യം. ഇത്തരം സംഭവങ്ങൾ മുമ്പും സംഭവിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ ഭാവിയിൽ ആവർത്തിക്കാതെ നോക്കേണ്ടതുണ്ട്. അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും അതനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവന്നുമാണ് ജനാധിപത്യം മുന്നോട്ടു പോകേണ്ടത്.
 അങ്ങനെയാണ് അത് ചലനാത്മകമാകുക. കാലുമാറ്റ നിരോധന നിയമം വന്നതും അങ്ങനെതന്നെ. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആറു മാസത്തേക്കെങ്കിലും രാജിവെക്കാൻ അനുവദിക്കാത്ത രീതിയിൽ നിയമം മാറ്റിയെഴുതേണ്ടിയിരിക്കുന്നു. തീർച്ചയായും അതിനേയും മറികടക്കാൻ കച്ചവടക്കാർ ശ്രമിക്കും. അപ്പോൾ അതിനും പരിഹാരം കാണണം.
ഇതിനു പുറമെ മറ്റനവധി വിഷയങ്ങളും കർണാടക തെരഞ്ഞെടുപ്പ് മുന്നോട്ടു വെക്കുന്നുണ്ട്. പലതും പെട്ടെന്ന് പരിഹരിക്കാനാവാത്ത വിഷയങ്ങളാണ്. വോട്ടിന്റെ എണ്ണത്തിൽ കൂടുതലായിട്ടും കോൺഗ്രസിനു ബിജെപിയേക്കാൾ സീറ്റു കുറയുന്ന സാഹചര്യമാണ് ഒന്ന്.  തീർച്ചയായും ഇതു നിരന്തരമായി സംഭവിക്കുന്നതാണ്. കേരളത്തിലെ അവസ്ഥയിൽ ബിജെപിക്കു പോലും ഇത്തരം വാദമുന്നയിക്കാം. പലപ്പോഴും പാർട്ടികളുടെ പിന്തുണയുടെ ആനുപാതികമാകുന്നില്ല സീറ്റുകളുടെ എണ്ണം. ഇവിടെയാകട്ടെ വൻ അന്തരവും. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണാനാവുക എന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മറ്റൊന്ന് ഇലക്ട്രോണിക് മെഷീന്റെ ഉപയോഗമാണ്. ഇക്കുറിയും അതേക്കുറിച്ച് ആരോപണങ്ങളുണ്ട്. ഇലക്ട്രോണിക് മെഷീനുപയോഗിച്ചുള്ള പോളിംഗ് കുറ്റമറ്റതാണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ തന്നെ മുൻകൈ എടുക്കണം. 
കർണാടകയിൽ സംഭവിക്കാൻ സാധ്യതയുള്ളത് യെദിയൂരപ്പയുടെ തിരിച്ചുവരവാണല്ലോ. വലിയ തോതിലുള്ള അഴിമതിക്കേസിൽ ആരോപണ വിധേയനാണല്ലോ അദ്ദേഹം. അത്തരത്തിലുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തവിധം നിയമങ്ങൾ മാറ്റിയെഴുതണം. അതിനു സാങ്കേതികമായി കഴിയില്ലെങ്കിൽ അഴിമതിക്കാരെ മത്സരിപ്പിക്കില്ലെന്നു പാർട്ടികൾ തീരുമാനിക്കണം. അതോടൊപ്പം രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടവർ പിന്നീട് മത്സരിക്കുന്നത് നിയമപരമായി തന്നെ വിലക്കണം. പുതിയവരും ചെറുപ്പക്കാരും രംഗത്തു വരാൻ അതു സഹായിക്കും. അതുവഴി ഭരണ സംവിധാനം കൂടുതൽ ചലനാത്മകമാകും. 
സാങ്കേതികമായ വിഷയങ്ങളോളം പ്രധാനമാണ് ജനാധിപത്യം ഗുണപരമായി താഴുമ്പോഴുള്ള പ്രശ്‌നങ്ങളും. ജനാധിപത്യം ധനാധിപത്യത്തിനു വഴിമാറുന്നതു തന്നെ ഉദാഹരണം. നിയമം മൂലം മാത്രം തടുക്കാനാവാത്ത ഒന്നാണത്. അതുപോലെ തന്നെയാണ് വോട്ടെടുപ്പിൽ നടത്തുന്ന അധാർമ്മികമായ ധാരണകൾ. കർണാടകയിൽ സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശരിയിലടക്കം പലയിടത്തും ബിജെപിയും ജെഡിഎസും പരസ്പരം വോട്ടു മറിച്ചതായി വിശ്വസനീയമായ വാർത്തകളുണ്ട്. അത്തരം പ്രവണതകൾ ഒരിക്കലും ജനാധിപത്യ സംവിധാനത്തിനു ഗുണകരമല്ല. മറ്റൊരു പ്രധാന പ്രശ്‌നം മതേതര ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് അതിനെ അട്ടിമറിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അവർക്ക് ഭൂരിപക്ഷം ലഭിക്കുന്നതുമായ നിർഭാഗ്യകരമായ സാഹചര്യമാണത്. തങ്ങൾ മതേതരത്വത്തിന് എതിരാണെന്ന് ഒരു പാർട്ടിയും തുറന്നു പറയാത്തതിനാൽ നിയമം വഴി അവരെ ഒഴിവാക്കാൻ കഴിയില്ല. 
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ ജനങ്ങൾ തന്നെ ഉയരുകയേ രക്ഷയുള്ളൂ. എന്നാൽ അതല്ല ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നത്. ഗൗരി ലങ്കേഷിനെ പോലെയും കൽബുർഗിയെയും പോലെയുള്ളവർ കൊല ചെയ്യപ്പെടുമ്പോഴും ആരോപണ വിധേയരായവരുടെ രാഷ്ട്രീയമെന്നാരാപണമുള്ള പാർട്ടി, അതോടൊപ്പം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മതേതരത്വവും ജനാധിപത്യവും അംഗീകരിക്കുന്നില്ല എന്നു പ്രഖ്യാപിക്കുന്ന പാർട്ടി  വൻ മുന്നേറ്റം നടത്തുന്നത് ജനാധിപത്യത്തിന്റെ പിറകോട്ടു പോക്കാണ് വ്യക്തമാക്കുന്നത്. കർണാടക മാത്രമല്ല, ഇന്ത്യ മുഴുവൻ നേരിടുന്ന ഇന്നത്തെ വെല്ലുവിളിയുമതാണ്. സാങ്കേതികമായും രാഷ്ട്രീയമായും ഈ വെല്ലുവിളികൾ ഏറ്റെടുത്തു പരിഹാരം കണ്ടെത്താനാണ് ജനാധിപത്യവിശ്വാസികൾ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പ് നമ്മുടെ അവസാന തെരഞ്ഞെടുപ്പായാലും അത്ഭുതപ്പെടാനാകില്ല. 

Latest News