ഇന്ന് പരിശുദ്ധ റമദാന് സമാരംഭം. മനസ്സും ശരീരവും വിശുദ്ധമാക്കാൻ ലഭിക്കുന്ന സുവർണാവസരം. ജീവിത പരിവർത്തനത്തിന് അനുയോജ്യമായ കാലം. കനിവിന്റെ, ആർദ്രതയുടെ, കാരുണ്യത്തിന്റെ, സഹജീവി സ്‌നേഹത്തിന്റെ, ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളാണ് ഓരോ വിശ്വാസിക്കും റമദാനിലൂടെ കൈവരുന്നത്. വിശപ്പും ദാഹവും സഹിച്ച് കഠിനാധ്വാനത്തോടൊപ്പം സ്വദേശികളും വിദേശികളും കാരുണ്യ വർഷമൊരുക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഒറ്റക്കും കൂട്ടായും ഉള്ള പ്രാർഥനകളോടൊപ്പം സമൂഹ നോമ്പുതുറകൾക്കുള്ള ഒരുക്കങ്ങളാണെങ്ങും. അർഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ കുടുംബങ്ങളിൽ, തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ച് ആശ്വാസം പകരാനുള്ള നടപടികളും എങ്ങും തകൃതിയായി നടക്കുന്നു.
കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകുന്ന മാസം കൂടിയാണ് റമദാൻ. പ്രവാസ ലോകത്തു നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് വിവിധ പ്രവാസി സംഘടനകൾ റമദാനിൽ കേരളത്തിലേക്കയക്കുന്നത്. ഇത് ആയിരക്കണക്കിന് അശരണർക്കാണ് ആശ്വാസം പകരുന്നത്. ഗൾഫുനാടുകളിലെ, പ്രത്യേകിച്ച് സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഇപ്പോൾ അതിന് അനുഗുണമല്ലെങ്കിലും കാരുണ്യ പ്രവർത്തനങ്ങൾക്ക് കുറവുണ്ടാവാനിടയില്ല. കാരണം ഈ നാട് കാരുണ്യത്തിന്റേതാണ്. ദാഹാർത്തയായ കുഞ്ഞിന്റെ ദാഹമകറ്റാൻ ജലകണികയുടെ ഒരംശം പോലും ദൃശ്യമല്ലാത്ത മലയിടുക്കിലൂടെ വേപഥു പൂണ്ട് കരഞ്ഞ് നെട്ടോട്ടമോടിയ മാതാവിനു മുന്നിൽ സംസം എന്ന മഹാപ്രവാഹം ചുരത്തിയ കാരുണ്യത്തിന്റെ മണ്ണാണിത്.
ദേശ, ഭാഷാ വ്യത്യാസമില്ലാത്ത സൗഹൃദത്തിന്റേതാണിവിടം. അതിരുകളില്ലാതെ എല്ലാവരും ഒരു സുപ്രക്ക് ചുറ്റുമെത്തുന്ന ദിനരാത്രങ്ങളുടേതാണ് ഇനിയുള്ള ദിനങ്ങൾ. ലക്ഷക്കണക്കിന് വിദേശികളുടെ വിശപ്പും ദാഹവുമകറ്റാൻ മരുഭൂമിയിലെ മരുപ്പച്ച പോലെ നോമ്പുതുറ തമ്പുകൾ പ്രത്യക്ഷമായിക്കഴിഞ്ഞു. ആരും ക്ഷണിക്കാതെ വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ, കറുത്തവനും വെളുത്തവനുമെന്ന വിവേചനമില്ലാതെ, ഓഫീസറോ, തൊഴിലാളിയോ എന്ന വേർതിരിവില്ലാതെ എല്ലാവരും ആ തണലിലേക്ക് ഒഴുകിയെത്തും. ഇവർക്കിടയിൽ ഒരു വിവേചനവുമില്ലാതെ ഒരു തളികയിൽ നിന്ന് തോളുരുമ്മിയിരുന്ന് നോമ്പുതുറക്കുന്ന കാഴ്ച സ്‌നേഹത്തിന്റെ ഈ കൂടാരങ്ങളിൽ മാത്രമേ കാണാനാവൂ. അതുപോലെ ഇരു ഹറമുകളിലും ലക്ഷക്കണക്കിനു പേരാണ് നോമ്പ് തുറക്കുന്നത്. സത്യത്തിൽ ഈ മരുഭൂമിയിൽ നോമ്പ് പങ്കുവെക്കലിന്റെ പൂക്കാലമാണ് തീർക്കുന്നത്. അതിനായി കാത്തിരിക്കുന്ന സ്വദേശികളേറെയാണ്. ഇവർക്കു സഹായികളായി വിദേശികളുമേറെ. റമദാനായാൽ പിന്നെ അവർക്ക് വിശ്രമമില്ല. ഹറമുകളിൽ, പള്ളികളിൽ, പണിശാലകളിൽ, വാഹനയാത്രക്കാർക്കു വേണ്ടി സിഗ്നലുകളിൽ അങ്ങനെ നോമ്പുകാരൻ എവിടെയെല്ലാം ഉണ്ടോ അവിടെങ്ങളിലെല്ലാം സൗജന്യമായി ഭക്ഷണം എത്തിച്ചാണ് അവർ നിർവൃതിയടയുന്നത്. ഈ അപൂർവ കാഴ്ച ഇവിടെയല്ലാതെ മറ്റൊരിടത്തും കാണാൻ കഴിഞ്ഞെന്നു വരില്ല.
സഹജീവി സ്‌നേഹത്തിലൂടെ റമദാന്റെ ചൈതന്യം നിലനിർത്താനുള്ള ഈ പരിശ്രമത്തെ വാഴ്ത്തപ്പെടേണ്ടതുണ്ട്.
വ്രതം ആന്തരിക ശുദ്ധിയോടൊപ്പം ശാരീരിക ശുദ്ധിയുടേതു കൂടിയാണ്. വിശപ്പും ദാഹവും അറിയുന്നതിലൂടെ ഭക്ഷണ നിയന്ത്രണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാലിത് പാലിക്കപ്പെടുന്നില്ലെന്നത് റമദാന്റെ വിശുദ്ധിക്ക് ഭംഗം ഉണ്ടാക്കുന്നുണ്ട്. ധൂർത്തും ദുർവ്യയവും കൊണ്ട് നോമ്പ് മലീമസമാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. നോമ്പുകാലത്തെ ഭക്ഷണ മാസമാക്കി മാറ്റിയിരിക്കുന്നു. നോമ്പെടുക്കുന്നതു തന്നെ ഭക്ഷണം കഴിക്കാനാണെന്ന പ്രതീതിയാണ് പലയിടങ്ങളിലും സൃഷ്ടിക്കപ്പെടുന്നത്. ഇഫ്താറുകൾ സ്‌നേഹ, സൗഹാർദത്തിന്റെ കേന്ദ്രങ്ങളാണ് ആകേണ്ടത്. എന്നാൽ ഇഫ്താർ പാർട്ടികൾ പ്രതാപ പ്രകടനത്തിന്റെ പാർട്ടികളായി മാറുകയാണ്. റമദാനെ വാണിജ്യവൽക്കരിച്ചതാണിതിനു പ്രധാന കാരണം. റമദാൻ വിഭവങ്ങളെന്ന പേരിൽ കരിച്ചതും പൊരിച്ചതുമായ വിഭവങ്ങൾ കൊണ്ട് തീൻമേശ നിറക്കപ്പെടുന്നു. വിഭവങ്ങളുടെ ബാഹുല്യവും വ്യത്യസ്തയും കൊണ്ട് നോമ്പുതുറകളെ വിലയിരുത്തപ്പെടുന്നിടത്തുവരെ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു. ആവശ്യത്തിലുമേറെ ഭക്ഷണമുണ്ടാക്കി ഉപയോഗശൂന്യമാക്കുന്ന ഈ അവസ്ഥ മാറേണ്ടതുണ്ട്. തീൻമേശകളിലെ വിഭവ സമൃദ്ധമായ ആഹാരങ്ങൾ ചോർത്തിക്കളയുന്നത് നോമ്പിന്റെയും ഇഫ്താറിന്റെയും ശോഭയാണ്. അതു മനസ്സിലാക്കി ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടത് പ്രവാസികളായ നാമാണ്. നാട്ടിലെ പ്രതാപ നോമ്പുകൾക്കു പിന്നിൽ അധികവും പ്രവാസികളാണെന്നു കാണാം. നാം അയക്കുന്ന ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് ദുർവ്യയത്തിന്റെ മാർഗത്തിലല്ല ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്താൻ കൂടി തയാറാവണം. ജനങ്ങളുടെ നികുതി പണം പോലും ഇഫ്താറിനായി ഉപയോഗിക്കുന്ന ഭരണകർത്താക്കളുണ്ട്. ഇതു തിരുത്തപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ലാളിത്യം ജീവിതത്തിലെന്ന പോലെ നോമ്പുതുറ അടക്കമുള്ള എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമായിരിക്കും വ്രതാനുഷ്ഠാനും കൊണ്ട് ഉദ്ദേശിച്ചതെന്തോ അതു ലഭിക്കുക. വ്രതം സമ്മാനിക്കുന്ന ഊർജത്തെ പ്രസരിപ്പിക്കുന്ന സംവാദ കേന്ദ്രങ്ങളായി ഇഫ്താർ പാർട്ടികൾ മാറുകയും വേണം.
വ്രതാനുഷ്ഠാനം ജീവിതത്തെ എല്ലാ അർഥത്തിലുമാണ് മാറ്റേണ്ടത്. വ്രതമെടുക്കുന്ന ഓരോരുത്തരും ആലോചിക്കേണ്ടത് അത് എന്റെ ജീവിതത്തിൽ എന്ത് മാറ്റം സൃഷ്ടിച്ചുവെന്നാണ്. ആത്മീയതയുടെ നിറവിൽ മനസ്സിനെ ശുദ്ധമാക്കുന്നതുപോലെ ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തെ ശുദ്ധമാക്കാനും ഇഫ്താറിലൂടെ തീർക്കപ്പെടുന്ന സൗഹൃദങ്ങൾ നിലനിർത്താനും സഹവർത്തിത്വം തുടരാനുമാകുമ്പോഴാണ് വ്രതം കൊണ്ട് ലക്ഷ്യമിട്ട ദൈവപ്രീതിയും ശരീര വിശുദ്ധിയും സ്വായത്തമാകൂ.