ആലപ്പുഴയില്‍ ഇളയച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍

ആലപ്പുഴ-മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇളയച്ഛനെ കുത്തി കൊന്ന കേസിലെ പ്രതി മണ്ണഞ്ചേരി പഞ്ചായത്ത് റോഡുമുക്ക് വിരുശേരി വെളി ശ്രീകാന്തി(22)നെ  പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയും പിതാവിന്റെ സഹോദരനുമായ വിരുശേരിവെളിയില്‍ അജയനെ(46) യാണ് ശ്രീകാന്ത് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ അജയന്‍ ശ്രീകാന്തുമായി വാക്കുതര്‍ക്കമുണ്ടായി. അയല്‍വാസികളായ ഇരുവരും വീടിന്റെ അടുക്കള ഭാഗത്തു വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പരസ്പരം വെല്ലുവിളിയിലെത്തി. അജയന്റെ ഭാര്യ രമ്യ ഇരുവരെയും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു. ഇതിനിടെ ശ്രീകാന്ത് അടുക്കളയില്‍ നിന്നു കത്തിയെടുത്ത് അജയനെ കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ അജയന്‍ തളര്‍ന്നുവീഴുകയും ഇത് കണ്ട് ശ്രീകാന്ത് ഓടിരക്ഷപ്പെടുകയും ചെയ്തു. അജയന്‍ മരിച്ചത് അറിഞ്ഞതോടെ ഒളിവില്‍ പോയ ശ്രീകാന്തിനെ പിന്നീട് വീടിന് സമീപത്തെ കാട്ടില്‍ നിന്നു പോലീസ് പിടികൂടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അജയന്റെ സംസ്‌കാരം നടത്തി. അജയന്റെ കഴുത്തില്‍ 4 സെന്റിമീറ്റര്‍ ആഴവും 12 സെന്റിമീറ്റര്‍ വീതിയുമുള്ള മുറിവുണ്ടായിരുന്നു. ശ്രീകാന്തിനെ നാളെ തെളിവെടുപ്പിന് കൊണ്ടുവരും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണഞ്ചേരി എസ്‌ഐ കെ.ആര്‍.ബിജു പറഞ്ഞു. ശ്രീകാന്ത് പ്രതിയായി നേരത്തെ രണ്ട് അടിപിടി കേസുകള്‍ മണ്ണഞ്ചേരി സ്‌റ്റേഷനില്‍ ഉണ്ടെന്ന് എസ് ഐ പറഞ്ഞു

 

Latest News