Sorry, you need to enable JavaScript to visit this website.

ആര്‍ക്കെന്നറിയാതെ തുന്നിയ ബിശ്ത്, മെസ്സി ധരിച്ചതു കണ്ട് ഞെട്ടി അ്ഹമദ്

ദോഹ - താന്‍ തയ്ച്ചുകൊടുത്ത ബിശ്ത് ലോകകപ്പ് സമ്മാനദാനച്ചടങ്ങില്‍ ലിയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ അണിയച്ചു കൊടുക്കുന്നതു കണ്ടപ്പോള്‍ സൂഖ് വാഖിഫിലിരുന്ന് അഹമദ് അല്‍സാലിം കണ്ണീര്‍ തൂകി. 2200 ഡോളര്‍ വീതം വിലയുള്ള രണ്ട് ബിശ്തുകള്‍ തന്നെ കൊണ്ട് തയ്പിച്ചതിന്റെ ഉദ്ദേശ്യം അഹ്മദ് അപ്പോഴാണ് മനസ്സിലാക്കുന്നത്. രണ്ടെണ്ണമാണ് തയ്പിച്ചത്. ഒന്ന് ചെറിയ ആള്‍ക്കു വേണ്ടിയും മറ്റൊന്ന് നീളമുള്ള ആള്‍ക്കു വേണ്ടിയും. ഫൈനല്‍ കളിച്ച അര്‍ജന്റീന, ഫ്രാന്‍സ് ടീമുകളുടെ ക്യാപ്റ്റന്മാരായ മെസ്സിയുടെയും ഹ്യൂഗൊ ലോറീസിന്റെയും അളവുകളിലായിരുന്നു അത്. 
സൂഖ് വാഖിഫിലെ കുടുംബ ഷോപ്പിനടുത്തുള്ള കഫെയിലിരുന്നാണ് അഹ്മദ് ഫൈനല്‍ വീക്ഷിച്ചത്. കൈ കൊണ്ട് തുന്നിയ ആ ബിശ്തുകള്‍ ആര്‍ക്കാണെന്ന് അഹ്മദിനോട് പറഞ്ഞിരുന്നില്ല. ഏറ്റവും നേര്‍ത്തതും സുതാര്യവുമായി തുണിയാണ് അവര്‍ ആവശ്യപ്പെട്ടത്. സാധാരണ തണുപ്പ് കാലത്ത് നേര്‍ത്ത ബിശ്ത് ആരും വാങ്ങാറില്ല. അര്‍ജന്റീന ജഴ്‌സി മറയാതിരിക്കാനാവണം അങ്ങനെയൊരു തുണി തെരഞ്ഞെടുത്തത് -അഹ്മദ് പറയുന്നു. 
ഇപ്പോള്‍ തന്റെ ലോകകപ്പ് വിജയം ആഘോഷിക്കകുകയാണ് അദ്ദേഹം. ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ക്ക് ബിശ്ത് വിതരണം ചെയ്യുന്നത് അല്‍സാലിം സ്‌റ്റോറാണ്. ദിവസം പത്തോ താഴെയോ ബിശ്തുകളേ അവര്‍ വില്‍ക്കാറുള്ളൂ. എന്നാല്‍ ലോകകപ്പിന്റെ പിറ്റേ ദിവസം ചൂടപ്പം പോലെ ബിശ്തുകള്‍ ചെലവായി. മെസ്സിക്ക് സമ്മാനിച്ച ഏറ്റവും വില കൂടിയ ബിശ്ത് മാത്രം മൂന്നെണ്ണം വിറ്റഴിഞ്ഞു. ഷോപ്പിന് മുന്നില്‍ ക്യൂ രൂപപ്പെട്ടു. ബഹുഭൂരിഭാഗവും അര്‍ജന്റീനക്കാരായിരുന്നുവെന്ന് അഹ്മദ് പറയുന്നു. എല്ലാവരും ഖത്തര്‍ അമീറിന്റെ മഹാമനസ്‌കതയെ പുകഴ്ത്തി. ഒരു രാജാവില്‍ നിന്ന് മറ്റൊരു രാജാവിനുള്ള പാരിതോഷികമായിരുന്നു അതെന്ന് മൗറിസിയൊ ഗാര്‍സിയ എന്ന ആരാധകന്‍ പറഞ്ഞു. 
ഒരാളെ ബിശ്ത് അണിയിക്കുന്നത് അയാളെ ആദരിക്കുന്നതിന്റെ പ്രതീകമാണെന്ന് അഹ്മദ് വിശദീകരിച്ചു. ബിശ്ത് നിര്‍മിക്കുന്ന അഞ്ച് ഖത്തര്‍ കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അല്‍സാലിമാണ്. 60 തുന്നല്‍ക്കാര്‍ അവിടെ ജോലി ചെയ്യുന്നു. ഓരോ ബിശ്തും പൂര്‍ത്തിയാവാന്‍ ഒരാഴ്ചയെടുക്കും. ഏഴ് ഘട്ടങ്ങളിലായി വ്യത്യസ്ത തുന്നല്‍ക്കാരാണ് അത് പൂര്‍ത്തിയാക്കുന്നത്. മുന്‍വശത്തും കൈയിലും സ്വര്‍ണനൂലുകള്‍ തുന്നിച്ചേര്‍ക്കും. ജപ്പാനില്‍് നിന്ന് ഇറക്കുമതി  ചെയ്ത നജഫി പരുത്തിത്തുണിയും ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ നൂലുകളുമുപയോഗിച്ചാണ് മെസ്സിക്കു സമ്മാനിച്ച ബിശ്ത് തയാറാക്കിയത്. 

Latest News