ഫുജൈറ- അല്‍ ഹൈല്‍ വ്യവസായ മേഖലയിലെ നൂറു കണക്കിന് മുസ്ലിം തൊഴിലാളികള്‍ക്ക് ഈ റമദാനില്‍ അഭയ കേന്ദ്രമായി മാറിയ പുതിയ പള്ളിക്കു പിന്നില്‍ ഒരു അപൂര്‍ സമ്മാനത്തിന്റെ കഥയുണ്ട്. കായംകുളം സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ സജി ചെറിയാന്‍ (49) സ്വന്തം ചെലവില്‍ തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണ് അല്‍ ഹൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈസ്റ്റ് വില്ലെ റിയല്‍ എസ്‌റ്റേറ്റ് കോംപ്ലക്‌സിലെ ഈ പള്ളി. 13 ലക്ഷം യുഎഇ ദിര്‍ഹം (2.4 കോടിയോളം ഇന്ത്യന്‍ രൂപ) ചെലവിട്ടാണ് സജി ചെറിയാന്‍ ഈ പള്ളി പണികഴിപ്പിച്ചത്. 250 പേര്‍ക്ക് ഒരേ സമയം നമസ്‌ക്കരിക്കാം. കൂടാതെ 700 പേര്‍ക്ക് നിസ്‌ക്കരിക്കാന്‍ സൗകര്യമുള്ള ഇന്റര്‍ലേക്ക് പതിച്ച വിശാല മുറ്റവും തണലും ഈ പള്ളിക്കുണ്ട്.
ഈ മേഖലയിലെ 53 കമ്പനികളില്‍ തൊഴിലെടുക്കുന്ന നൂറുകണക്കിന് മുസ്ലിം തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. സജി ഭൂമി ലീസിനെടുത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളിലാണ് ഈ തൊഴിലാളികള്‍ താമസിക്കുന്നത്. ഈ കെട്ടിടങ്ങള്‍ക്ക് കമ്പനികള്‍ക്ക് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. മുസ്ലിം തൊഴിലാളികള്‍ നമസ്‌ക്കരിക്കാന്‍ ടാക്‌സി വിളിച്ചു പോകുന്നത് കണ്ടാണ് ഇവരുടെ താമസസ്ഥലത്തിനു സമീപത്തു തന്നെ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പള്ളി നിര്‍മ്മിച്ചതെന്ന് സജി പറയുന്നു. ജുമുഅക്ക് വേണ്ടി ഏറ്റവുമടുത്ത പള്ളിയിലേക്ക് പോകണമെങ്കില്‍ ചുരുങ്ങിയത് ഇവര്‍ക്ക് 20 ദിര്‍ഹമെങ്കിലും മുടക്കേണ്ടി വരുന്നു. ഇവര്‍ക്ക് വലിയൊരാശ്വാസമാകുമെന്ന് കരുതിയാണ് പള്ളി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് സജി പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് പള്ളിപ്പണി തുടങ്ങിയത്. ഫുജൈറ ഔഖാഫിന്റെ പിന്തുണയോടെ ഈ റമദാനിനു തുറക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണ് സജി.
ഔഖാഫ് എല്ലാ വിധ പിന്തുണയും നല്‍കിയെന്നും സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും സജി പറയുന്നു. ഞാനൊരു ക്രിസ്ത്യന്‍ വിശ്വാസിയാണെന്നറിഞ്ഞ ഔഖാഫ് ഉദ്യോഗസ്ഥര്‍ ആശ്ചര്യപ്പെട്ടു. എല്ലാം ഔഖാഫ് ഓഫര്‍ ചെയ്തു. സൗജന്യമായി വൈദ്യുതിയും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാമെന്നും ഔഖാഫ് അറിയിച്ചു- സജി പറുന്നു. എന്നാല്‍ ഔഖാഫില്‍ നിന്ന് സജി സ്വീകരിച്ചത് പള്ളിയില്‍ വിരിച്ച കാര്‍പ്പെറ്റും സൗണ്ട് സിസ്റ്റവും മാത്രമാണ്. ബാക്കിയെല്ലാം സജിയുടെ സ്വന്തം ചെലവില്‍.
ഞാന്‍ പള്ളി നിര്‍മ്മിക്കുന്ന വിവരമറിഞ്ഞ പലഭാഗത്തു നിന്നും സഹായ വാഗ്ദാനങ്ങള്‍ വന്നു. പണമായും നിര്‍മ്മാണ വസ്തുക്കളായും ഉപകരണങ്ങളായും സംഭാന നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ വന്നു. എല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ഈ പള്ളിക്കു വേണ്ടി എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കണമെന്ന് തീരുമാനിച്ചതിനാല്‍ അവയൊന്നും സ്വീകരിച്ചില്ല-സജി പറയുന്നു.
മറിയം, ഉമ്മു ഈസ എന്ന പേരാണ് സജി പള്ളിക്ക് നല്‍കിയിരിക്കുന്നത്. യേശുവിന്റെ അമ്മ മേരി എന്നര്‍ത്ഥം വരുന്ന ഈ പേര് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ യുഎഇ സര്‍ക്കാര്‍ ഒരു പള്ളിക്കു നല്‍കി വാര്‍ത്തയായിരുന്നു.
ഓര്‍ത്തൊഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസിയായ സജി ദിബ്ബയില്‍ ഒരു ചര്‍ച്ചും നേരത്തെ പണികഴിപ്പിച്ചിട്ടുണ്ട്. ്്മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി ഫുജൈറയില്‍ മറ്റൊരു മള്‍ട്ടിപര്‍പ്പസ് ഹാളും സജി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
2003-ല്‍ യുഎഇയിലെത്തിയ സജി ചെറിയാന്‍ ബിസിനസില്‍ വന്‍ തിരിച്ചടികള്‍ നേരിടുകയും ലക്ഷക്കണക്കിന് ദിര്‍ഹം കടക്കാരനാകുകയം ചെയ്തിടത്തു നിന്ന് കഠിനാധ്വാം കൊണ്ട് തിരിച്ചെത്തിയ ആളാണ്. അല്‍ ഹൈല്‍ വ്യവസായ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തുള്ള സജി 1.6 കോടി ദിര്‍ഹം കടക്കാരനായിട്ടുണ്ട്. 450ഓളം ചെക്കുകള്‍ മടങ്ങി. ഞാനൊരിക്കലും മുങ്ങിയില്ല. കഠിനാധ്വാനം ചെയ്തു പൊരുതി നഷ്ടമായത് തിരിച്ചുപിടിച്ചു-സജി പറയുന്നു. ഇന്ന് 6.8 കോടി ദിര്‍ഹം ആസ്തിയുള്ള സജി തന്റെ എല്ലാ വിജയങ്ങള്‍ക്കുമുള്ള ക്രെഡിറ്റ് നല്‍കുന്നത് ദുരിതകാലത്തും കരുത്തും പ്രചോദനവും പകര്‍ന്ന ഭാര്യ എല്‍സിക്കാണ്. സചിന്‍, എല്‍വിന്‍ എന്നീ രണ്ടു മക്കളുമുണ്ട് ഈ ദമ്പതികള്‍ക്ക്.