Sorry, you need to enable JavaScript to visit this website.

പ്രലോഭിപ്പിച്ച് ബ്രോക്കര്‍മാര്‍; സൗദിയില്‍ കഴിഞ്ഞ മാസം 495 വേലക്കാരികള്‍ ഒളിച്ചോടി

റിയാദ് - ഗാര്‍ഹിക തൊഴിലാളികളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ റിക്രൂട്ട് ചെയ്ത് എത്തിച്ച് താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കു കീഴിലെ 495 വേലക്കാരികള്‍ കഴിഞ്ഞ മാസം തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി. നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന 17 മാനവശേഷി, റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കു കീഴില്‍ 74,976 ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. നവംബറില്‍ ഈ കമ്പനികള്‍ 1,690 ഗാര്‍ഹിക തൊഴിലാളികളെ പുതുതായി റിക്രൂട്ട് ചെയ്തു.
കഴിഞ്ഞ മാസം ഒളിച്ചോടിയ വേലക്കാരികളില്‍ 72.73 ശതമാനവും ഇന്തോനേഷ്യക്കാരികളാണ്. 12.93 ശതമാനം പേര്‍ ഫിലിപ്പിനോകളും 5.05 ശതമാനം പേര്‍ എത്യോപ്യക്കാരികളും 4.85 ശതമാനം പേര്‍ കെനിയക്കാരികളും 1.82 ശതമാനം പേര്‍ ബംഗ്ലാദേശുകാരികളും 1.41 ശതമാനം പേര്‍ ഘാനക്കാരികളും 0.81 ശതമാനം പേര്‍ ഉഗാണ്ടക്കാരും 0.20 ശതമാനം പേര്‍ ബുറുണ്ടിക്കാരികളും 0.20 ശതമാനം പേര്‍ ശ്രീലങ്കക്കാരികളുമാണ്. 2018 ല്‍ 5,661 ഉം 2019 ല്‍ 6,117 ഉം 2020 ല്‍ 6,944 ഉം 2021 ല്‍ 3,471 ഉം ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,563 ഉം രണ്ടാം പാദത്തില്‍ 2,053 ഉം മൂന്നാം പാദത്തില്‍ 1,489 ഉം ഒക്‌ടോബറില്‍ 368 ഉം നവംബറില്‍ 495 ഉം വേലക്കാരികള്‍ ഒളിച്ചോടി.
2019 ല്‍ 47 ഉം 2020 ല്‍ 43 ഉം ഇന്ത്യന്‍ വേലക്കാരികള്‍ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി. കഴിഞ്ഞ കൊല്ലവും ഈ വര്‍ഷം ഇതുവരെയും മാനവശേഷി, റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഇന്ത്യന്‍ വേലക്കാരികള്‍ ആരും ഒളിച്ചോടിയിട്ടില്ല. 2019 ല്‍ 5,880 ഉം 2020 ല്‍ 6,660 ഉം 2021 ല്‍ 2,091 ഉം ഇന്തോനേഷ്യക്കാരികളും 2019 ല്‍ അഞ്ചും 2020 ല്‍ 74 ഉം 2021 ല്‍ 198 ഉം ഫിലിപ്പിനോ വേലക്കാരികളും 2019 ല്‍ 111 ഉം 2020 ല്‍ 28 ഉം 2021 ല്‍ 102 ഉം എത്യോപ്യക്കാരികളും 2019 ല്‍ 52 ഉം 2020 ല്‍ 51 ഉം 2021 ല്‍ 449 ഉം കെനിയക്കാരികളും തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയതായി റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന വേതനം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് സൗദി അറേബ്യക്കകത്തുള്ള ബ്രോക്കര്‍മാരും ഏജന്റുമാരുമാണ് ഗാര്‍ഹിക തൊഴിലാളികളെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നത്. തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന വേലക്കാരികള്‍ക്ക് ഇത്തരക്കാര്‍ അഭയം നല്‍കിയ ശേഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൗദി കുടുംബങ്ങളില്‍ തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ഉയര്‍ന്ന വേതനം തേടി വേലക്കാരികള്‍ വീടുകള്‍ മാറിമാറി ജോലി ചെയ്യുന്നത് സൗദി കുടുംബങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഒളിച്ചോടുന്ന വേലക്കാരികള്‍ക്ക് അഭയവും ജോലിയും നല്‍കുന്നത് പിഴയും തടവും ശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണ്.
ഒളിച്ചോടുന്നവര്‍ക്ക് ജോലിയും അഭയവും നല്‍കുന്നത് രാജ്യത്ത് നിയമ ലംഘനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. തങ്ങള്‍ അഭയവും ജോലിയും നല്‍കുന്ന വേലക്കാരികള്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണോയെന്ന കാര്യം കുടുംബങ്ങള്‍ക്ക് അറിയില്ല. കുറ്റവാസനയുള്ള വേലക്കാരികള്‍ക്ക് അഭയവും ജോലിയും നല്‍കുന്നത് കുടുംബാംഗങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി മാറുമെന്നും റിക്രൂട്ട്‌മെന്റ് മേഖലാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News