റബാത് - ലോകകപ്പില്‍ ഏവരെയും അമ്പരപ്പിച്ച് സെമി ഫൈനലിലേക്ക് മുന്നേറിയ മൊറോക്കൊ അഭൂതപൂര്‍വമായ മുന്നേറ്റം ആഘോഷിക്കുന്നു. ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനല്‍ തോറ്റ ശേഷം കളിക്കാര്‍ ഇന്നലെ റബാതിലെത്തിയപ്പോള്‍ പതിനായിരങ്ങളാണ് ടീമിനെ വരവേറ്റത്. അറബ് രാജ്യത്തെയും ആഫ്രിക്കന്‍ വന്‍കരയിലെയോ ഒരു രാജ്യം ആദ്യമായാണ് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയത്. സെമിയില്‍ ഫ്രാന്‍സിനെ വിറപ്പിച്ച ശേഷമാണ് അവര്‍ കീഴടങ്ങിയത്. ലൂസേഴ്‌സ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയും അവസാനം വരെ പൊരുതിയെങ്കിലും തോറ്റു.
ലോക രണ്ടാം നമ്പര്‍ ബെല്‍ജിയം, മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, യൂറോപ്യന്‍ വമ്പന്മാരായ പോര്‍ചുഗല്‍ തുടങ്ങിയ ടീമുകളെ ലോകകപ്പില്‍ മൊറോക്കൊ തോല്‍പിച്ചു.
റബാതില്‍ വിമാനമിറങ്ങിയ കളിക്കാരെ തുറന്ന ബസില്‍ ആനയിച്ചു. പിന്നീട് രാജകൊട്ടാരത്തില്‍ മുഹമ്മദ് ആറാമന്‍ രാജാവ് കളിക്കാരെ സ്വീകരിച്ചു. ഫലസ്തീന്‍ പതാകയേന്തി വിജയങ്ങള്‍ ആഘോഷിച്ചതും ഉമ്മമാരെയും മക്കളെയും ആഘോഷത്തില്‍ പങ്കു ചേര്‍ത്തതും മൊറോക്കോയെ അറബ് നാടുകളുടെ ഹരമാക്കി മാറ്റിയിരുന്നു.