ദോഹ - മെസ്സി, റൊണാള്‍ഡൊ, മോദ്‌റിച്, കവാനി, സോറസ്... കഴിഞ്ഞ ഒരു ദശകത്തിലേറെ ലോകകത്തെ മികച്ച കളിക്കാരായിരുന്നു ഇവര്‍. ഇനിയവരെ ലോകകപ്പില്‍ കാണില്ല. മുപ്പത്തേഴുകാരനായ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മുപ്പത്തഞ്ചുകാരനായ മെസ്സി അല്‍പകാലം തുടരുമെന്നും. നെയ്മാര്‍ ഇനി ലോകകപ്പിനുണ്ടാവില്ലെന്നാണ് സൂചന നല്‍കിയത്. എങ്കിലും മുപ്പതുകാരന് സാധ്യത അവശേഷിക്കുന്നു.
അടുത്ത നാഷന്‍സ് ലീഗ് കളിച്ച് വിരമിക്കുമെന്നാണ് മുപ്പത്തേഴുകാരന്‍ മോദ്‌റിച് അറിയിച്ചത്. ഫുട്‌ബോളിനപ്പുറം നിരവധി കാര്യങ്ങള്‍ ആസ്വദിക്കാനുണ്ടെന്ന് പോളണ്ടിന്റെ മുപ്പത്തിനാലുകാരന്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
ലൂയിസ് സോറസും എഡിന്‍സന്‍ കവാനിയും നാലാമത്തെ ലോകകപ്പിലാണ് ഉറുഗ്വായുടെ ആക്രമണം നയിച്ചത്. ഇരുവര്‍ക്കും ഒരു ഗോള്‍ പോലും ഖത്തറില്‍ അടിക്കാനായില്ല. ഇരുവര്‍ക്കും മുപ്പത്തഞ്ചായി. ജര്‍മനിയുടെ മുപ്പത്തിമൂന്നുകാരന്‍ തോമസ് മുള്ളര്‍ രണ്ടാമത്തെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്നതിന്റെ നിരാശയനുഭവിച്ചു. ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാഡ് വിരമിച്ചു. വെയ്ല്‍സിന്റെ മുപ്പത്തിമൂന്നുകാരന്‍ ഗാരെത് ബെയ്‌ലിന് ലോകകപ്പില്‍ ഒരു ഓളവും സൃഷ്ടിക്കാനായില്ല. മുപ്പത്തിനാലുകാരന്‍ കരീം ബെന്‍സീമയുടേതാണ് ഏറ്റവും വലിയ നിരാശ, ബാലന്‍ഡോര്‍ ജേതാവിന് പരിക്കു കാരണം ഈ ലോകകപ്പില്‍ കളിക്കാന്‍ പോലുമായില്ല.