Sorry, you need to enable JavaScript to visit this website.

കൊച്ചിയ്ക്ക് ഇനി മെട്രോ മാത്രമല്ല, 5ജിയുമുണ്ട് 

കൊച്ചി- 5 ജി കേരളത്തില്‍ കൊച്ചിയിലെത്തുകയാണ്. വികസനത്തിന്റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം.കൊച്ചി നഗരസഭ പരിധിയില്‍ തെരഞ്ഞെടുത്ത ചില ഇടങ്ങള്‍ ഇന്ന് മുതല്‍ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തില്‍ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കല്‍,തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.
തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാല്‍ 5 ജി റെഡി. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.
കഴിഞ്ഞ ഒക്ടോബര്‍ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്.അന്ന് മുതല്‍ നമ്മുടെ നാട്ടില്‍ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തില്‍ 5 ജി എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വര്‍ഷം ഡിസംബറില്‍ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എന്‍എല്‍ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നു.
എയര്‍ടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പന്‍ മുതല്‍ മുടക്കലിലാണ് കമ്പനികള്‍ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.

Latest News