ജിദ്ദ - ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയില്‍ 32 ഡിസ്ട്രിക്ടുകളില്‍ കെട്ടിടം പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയായതായി ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും നഗരവാസികളും കാണിച്ച സഹകരണം പ്രശംസനീയമാണ്. കെട്ടിടം പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയായ ശേഷം അവശിഷ്ടങ്ങള്‍ ഘട്ടംഘട്ടമായാണ് നീക്കം ചെയ്യുന്നത്.
അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ഇരുമ്പ്, അലൂമിനിയം പോലെ പുനഃചംക്രമണത്തിന് കഴിയുന്ന വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. മറ്റു വസ്തുക്കള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കെട്ടിടം പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ആസൂത്രണങ്ങളും പഠനങ്ങളും ആവശ്യമാണ്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുമെന്നും മുഹമ്മദ് അല്‍ബഖമി പറഞ്ഞു.