മുംബൈ - വിജയമോ മരണമോ എന്ന് തീരുമാനിക്കാനുള്ള നിർണായക ഐ.പി.എൽ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിംഗ് മുംബൈ ഇന്ത്യൻസിന്റെ ആയുസ്സ് നീട്ടി. ഒറ്റയാനായി പഞ്ചാബ് കിംഗ്‌സ് ഇലവനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന കെ.എൽ രാഹുലിനെ (60 പന്തിൽ 94) പത്തൊമ്പതാം ഓവറിൽ പുറത്താക്കി ബുംറ മുംബൈയുടെ വഴിയിലേക്ക് കളി തിരിച്ചു. വെറും മൂന്നു റൺസിനാണ് മുംബൈ രക്ഷപ്പെട്ടത്. രാഹുലിന്റെ പോരാട്ടം രണ്ടോവറിൽ 23 റൺസ് മതിയെന്ന നിലയിലേക്ക് പഞ്ചാബിനെ എത്തിച്ചിരുന്നു. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ബുംറ മൂന്നു വിക്കറ്റെടുത്തു. സ്‌കോർ: മുംബൈ എട്ടിന് 186, പഞ്ചാബ് അഞ്ചിന് 183.
നിർണായക മത്സരത്തിൽ ഫോമിലെത്തിയ കെരോൺ പോളാഡാണ് (23 പന്തിൽ 50) മുംബൈക്ക് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. സൂര്യകുമാർ യാദവ് (15 പന്തിൽ 27) അങ്കീത് രാജ്പുത് എറിഞ്ഞ രണ്ടാം ഓവറിൽ 21 റൺസ് വാരിയതോടെ മുംബൈ നന്നായി തുടങ്ങിയതായിരുന്നു. എന്നാൽ ആൻഡ്രൂ ടൈ മൂന്നു വിക്കറ്റോടെ തിരിച്ചടിച്ചു. സൂര്യശേഖറിനെയും എവിൻ ലൂയിസിനെയും (9) ഇശാൻ കിഷനെയും (12 പന്തിൽ 20) മടക്കി. ക്യാപ്റ്റൻ രോഹിത് ശർമ (6) വീണ്ടും പരാജയപ്പെട്ടു. ക്രുനാൽ പാണ്ഡ്യയുമൊത്താണ് (23 പന്തിൽ 32) പോളാഡ് തിരിച്ചടി തുടങ്ങിയത്. ആറോവറിൽ ഇരുവരും 65 റൺസ് വാരി. എന്നാൽ അവസാന ആറോവറിൽ 50 റൺസെടുക്കാനേ മുംബൈക്ക് സാധിച്ചുള്ളൂ. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ടൈ നാലു വിക്കറ്റെടുത്തത്.
ആരൺ ഫിഞ്ചൊഴികെ (35 പന്തിൽ 46) ആരിൽ നിന്നും രാഹുലിന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും പഞ്ചാബ് അവസാനം വരെ വിജയപ്രതീക്ഷയിലായിരുന്നു. ക്രിസ് ഗയ്‌ലിനെ (11 പന്തിൽ 18) പുറത്താക്കി മിച്ചൽ മക്‌ലനാഗനാണ് മുംബൈക്ക് ബ്രെയ്ക്ത്രൂ നൽകിയത്. ഫിഞ്ചിനെ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ ബുംറ മടക്കി. അടുത്ത ഓവറിൽ രാഹുലിനെയും ബുംറ വീഴ്ത്തി. പകരം യുവരാജ് സിംഗ് വന്നെങ്കിലും (1) വന്ന വഴി മടങ്ങി.