ദോഹ - ലോകകപ്പ് നേടിയതോടെ ലിയണല്‍ മെസ്സി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായി അംഗീകരിക്കപ്പെടുമോ? സാധ്യതയില്ല. പെലെയെ മറികടക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ഒട്ടനവധി ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മെസ്സി ഒരു ലോകകപ്പാണ് നേടിയത്, പെലെയുടെ അലമാറയില്‍ മൂന്ന് ലോകകപ്പ് ചാമ്പ്യന്‍ മെഡലുകളുണ്ട്. മെസ്സിയുടെ നാടായ അര്‍ജന്റീനയില്‍ പോലും ഡിയേഗൊ മറഡോണയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്നവരാണേറെ. ഈ തലമുറയില്‍ പോലും ക്രിസ്റ്റിയാനൊ റൊണാള്‍ഡോടെ മികച്ച കൡക്കാരനായി കാണുന്നവരുണ്ട്, ലോകകപ്പിലെ പ്രകടനത്തോടെ അത് മാറുമെങ്കിലും.
എങ്കിലും പെലെയുടെയും മറഡോണയുടെയും നിലവാരത്തിലെത്താന്‍ മെസ്സിക്ക് തടസ്സമായി ഇതുവരെ പറഞ്ഞിരുന്നത് ലോകകപ്പിന്റെ അഭാവമാണ്. മെസ്സിയെ പോലെ മറ്റു മെഡലുകള്‍ നേടാന്‍ പെലെക്കും മറഡോണക്കും സാധിച്ചിട്ടില്ല. ഏഴു തവണ മികച്ച കളിക്കാരനുള്ള ബാലന്‍ഡോര്‍ സ്വന്തമാക്കി, ഒരുപക്ഷെ ലോകകപ്പ് ജയിക്കുന്നതിനെക്കാള്‍ കഴിവ് വേണ്ട ചാമ്പ്യന്‍സ് ലീഗ് ട്രോഫി നാലു തവണ ജയിച്ചു, കോപ അമേരിക്ക സ്വന്തമാക്കി. ലോകകപ്പില്‍ 13 ഗോളോടെ പെലെയെ മറികടന്നു. ഈ ലോകകപ്പില്‍ ഏഴ് ഗോളടിച്ചു, 1986 ല്‍ മറഡോണക്കു പോലും അഞ്ചേ സാധിച്ചുള്ളൂ. 37 ക്ലബ്ബ് കിരീടങ്ങള്‍, ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകള്‍, ഒളിംപിക് സ്വര്‍ണം, ഒരിക്കലും മറികടക്കാനാവില്ലെന്നു കരുതുന്ന ഒരുപിടി റെക്കോര്‍ഡുകള്‍. മറഡോണക്ക് യൂറോപ്യന്‍ ക്ലബ്ബ് കിരീടം ഒരിക്കല്‍പോലും നേടാനായിട്ടില്ല.
മറഡോണക്കും പെലെക്കും അനുകൂലമായി വാദിക്കുന്നവര്‍ പറയുന്ന ഒരു കാരണം ഇരുവരും ക്രൂരമായി മാര്‍ക്ക് ചെയ്യപ്പെട്ടുവെന്നാണ്. അന്നൊന്നും റഫറിമാരുടെ സംരക്ഷണമുണ്ടായിരുന്നില്ല. മറഡോണ നിരന്തരം ചവിട്ടിയരക്കപ്പെട്ടു. പെലെ പരിക്കേറ്റ് 1966 ലെ ലോകകപ്പില്‍ ബെഞ്ചിലിരുന്നു. മറഡോണയോടൊപ്പം കളിച്ച ജോര്‍ജെ ബുറുച്ചാഗ പറയുന്നത് കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ മികച്ച അഞ്ച് കളിക്കാരുണ്ടെന്നാണ് -പെലെ, മറഡോണ, യോഹാന്‍ ക്രയ്ഫ്, ആല്‍ഫ്രഡൊ ഡി സ്റ്റെഫാനൊ, മെസ്സി.