Sorry, you need to enable JavaScript to visit this website.

അടിച്ചുകൊന്ന് റെയിൽപാളത്തിലിട്ട് ആത്മഹത്യയാക്കും: ഇത് എടക്കാട് പോലീസ് മാതൃക

തലശ്ശേരി റസ്റ്റ് ഹൗസിൽ മൊഴി നൽകാനെത്തിയ ഉനൈസിന്റെ മാതാവ് സക്കീന. മരിച്ച ഉനൈസിന്റെ മകനാണ് സക്കീനയോടൊപ്പം. 

തലശ്ശേരി- മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ എടക്കാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച ഉനൈസിന്റെ വീട്ടിലെത്തി തൃശൂർ റേഞ്ച് ഐ.ജി അജിത്കുമാർ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് ഉനൈസിന്റെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തിലെ അംഗമായ പെരിന്തൽമണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രൻ തലശ്ശേരി റസ്റ്റ് ഹൗസിലെത്തി ഉനൈസിന്റെ ബന്ധുക്കളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 
കസ്റ്റഡിയിൽ മരിച്ച ഉനൈസിന്റെ ഉമ്മ സക്കീന, സഹോദരൻ നവാസ്, ബന്ധുവായ സാദിഖ് എന്നിവരാണ് ഇന്നലെ വൈകിട്ട് തലശ്ശേരി റസ്റ്റ് ഹൗസിലെത്തി മൊഴി നൽകിയത.് മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥൻ ഉനൈസിന്റെ ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. എടക്കാട് പോലിസ് സ്റ്റേഷനിലെ എസ്.ഐ പുരുഷുവിന്റെ നേതൃത്വത്തിൽ ഏഴ് പോലീസുകാർ ഉനൈസിനെ മർദ്ദിച്ചതായും മകന് നടക്കാൻപോലും കഴിയാത്ത അവസ്ഥ വരികയും രക്തം ഛർദ്ദിക്കുകയും ചെയ്തതായും തലശ്ശേരി സഹകരണ ആശുപത്രിയിൽ മകനെ പ്രവേശിപ്പിച്ചതായും ഉനൈസിന്റെ ഉമ്മ സക്കീന മൊഴി നൽകി. രാവിലെ ഉറക്കച്ചടവിൽ ഉനൈസിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയ പോലിസ് സംഘം മുഖം കഴുകാനോ മൂത്രം ഒഴിക്കാനോ പോലും അനുവദിച്ചില്ലെന്നും സക്കീന പരാതിപ്പെട്ടു.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം  കേസെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഭാര്യാ പിതാവിന്റെ പരാതി പ്രകാരം ഫെബ്രുവരി 21 ന് ഉനൈസിനെ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നതായും തെറ്റു ചെയ്തിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് പോലിസ് വിട്ടയച്ചതായും എന്നാൽ ഭാര്യാ പിതാവിന്റെ സ്‌കൂട്ടർ കത്തിച്ചെന്ന പരാതിയിൽ ഫെബ്രുവരി 22 ന് രാവിലെ വീണ്ടും നാല് പോലീസുകാർ വന്ന് കൂട്ടിക്കൊണ്ട് പോയതായും ഉനൈസിന്റെ ഉമ്മ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.  
പോലീസ് മർദ്ദനത്തിൽ അവശനായ ഉനൈസിനെ  തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സിച്ച ഡോക്ടർമാരോട് പോലീസ് മർദ്ദനം നടന്ന കാര്യം പറഞ്ഞതായും സഹോദരൻ നവാസ് ഡിവൈ.എസ്.പി മുമ്പാകെ ഇന്നലെ മൊഴി നൽകി. അഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ തുടരാൻ സാധിച്ചില്ല. തുടർന്ന് ഡിസ്ചാർജ് വാങ്ങുകയായിരുന്നു. അഞ്ച് ദിവസം ആശുപത്രിയിൽ കിടന്നിട്ടും പോലീസ് മൊഴിയെടുത്തില്ലെന്നും സഹോദരൻ മൊഴി നൽകി. കാലിനടിയിലേറ്റ ക്രൂര മർദ്ദനത്തെ തുടർന്ന് നടക്കാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് ഉനൈസ് വീട്ടിൽ കയറി വന്നതെന്നും നവാസ് മൊഴി നൽകി. നെഞ്ചിലും മുതുകിലുമേറ്റ ക്രൂര മർദ്ദനത്തെ തുടർന്ന് ശരീരത്തിൽ ആകമാനം വേദനയായിരുന്നെന്നും സ്‌കാനിംഗിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റത് കണ്ടതായും നവാസ് പോലീസ് മുമ്പാകെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ കാണിച്ച് മൊഴി കൊടുത്തു. സ്റ്റേഷനിൽ മർദിച്ചുകൊല്ലുമെന്നും സ്റ്റേഷന് പിറകിലെ റെയിൽപ്പാളത്തിൽ വലിച്ചിട്ട് ആത്മഹത്യയെന്ന് വരുത്തി തീർക്കുമെന്നും പോലീസ് പറഞ്ഞതായും ഉനൈസ് എഴുതിയ കത്തിൽ വിവരിച്ചിരുന്നു. ഇക്കാര്യവും നവാസ് അന്വേഷണ സംഘത്തോട് പറഞ്ഞു. 
മെയ് രണ്ടിനാണ് ഓട്ടോ ഡ്രൈവറായ ഉനൈസിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത.് അന്നുതന്നെ മരണത്തിലെ ദുരൂഹത ബന്ധുക്കൾ എടക്കാട് പോലീസിനെ അറിയിച്ചെങ്കിലും പോലീസ് അത് ഗൗരവമായി എടുത്തില്ല. ഇതിനിടെയാണ് മരണപ്പെട്ട ഉനൈസിന്റെ  ഡയറിയിൽ സൂക്ഷിച്ച കത്ത് ബന്ധുക്കൾ കാണാനിടയായത്. ആ കത്തിൽ പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് എഴുതിയിരുന്നു. എടക്കാട് എസ്.ഐ പുരുഷു ഉൾപ്പെടെ ഏഴ് പോലിസുകാർക്കെതിരെയായിരുന്നു ഉനൈസിന്റെ പരാതി. ആശുപത്രിയിൽ ചികിത്സയിൽ കിടക്കുമ്പോഴാണ് ഉനൈസ് കത്തെഴുതിയതെന്ന് സഹോദരൻ പറഞ്ഞു. പോലീസ് മർദ്ദനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഉനൈസിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും കത്ത് നൽകിയിരുന്നു.

Latest News