കൊച്ചി-കൊളോണിയല്‍ കാലത്തെ വിദേശികളായ ജഡ്ജിമാര്‍ക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാന്‍ വേണ്ടി രണ്ടുമാസം അവധി നല്‍കിയിരുന്നത് ഇപ്പോഴും തുടരുന്നതിനെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അപരിഷ്‌കൃതമായ ഈ നിയമം മാറ്റണമെന്നും പാശ്ചാത്യവല്‍ക്കരണമല്ല ആധുനികത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്റോയിയുടെ 250-ാമത്ജയന്തി ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
പഞ്ചായത്ത് തൊട്ട് മുകളിലേക്കുള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കോടതികളും അത്തരത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീ സമത്വത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യത്വത്തെക്കുറിച്ചും പറയുകയും നടപ്പിലാക്കുകയും ചെയ്ത രാജാറാം മോഹന്റോയിയുടെ ചിന്തകള്‍ക്ക് വിപരീതമാണ് ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ നരബലിക്ക് ഇരയാക്കുന്നത്. ഇതില്‍ ശക്തമായ ഇടപെടല്‍ കേരള സമൂഹത്തില്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എന്‍. ഡി പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് പി. എസ്.ഗോപിനാഥന്‍, ടി. ജെ. വിനോദ് എം.എല്‍.എ, എം.സ്.ശ്രീകല, സി.ജി.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.