Sorry, you need to enable JavaScript to visit this website.

സുലൈമാൻ സേട്ട് പുരസ്‌കാരം ജോൺ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും

കോഴിക്കോട് - ഐ.എൻ.എൽ സ്ഥാപക നേതാവും മുൻ എം.പിയുമായ ഇബ്‌റാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ ഐ.എൻ.എൽ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യസഭാംഗവും മാധ്യമ പ്രവർർത്തകനുമായ ജോൺ ബ്രിട്ടാസിനും ഇന്ദ്രജാലത്തിന്റെ മാസ്മരിക ലോകത്തിന് അവധി നൽകി, ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ വളർച്ചക്കായി ഡിഫറൻറ് ആർട് സെന്റർ എന്ന മഹത്തായ ഉദ്യമത്തിന് തുടക്കം കുറിച്ച ഗോപീനാഥ് മുതുകാടിനുമാണ് പുരസ്‌കാരങ്ങളെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.  50,001 രൂപ വീതം കാഷ് അവാർഡും ബഹുമതി ഫലകവുമാണ് അവാർഡ്.
  ഐ.എൻ.എൽ പ്രവാസി ഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സിയാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. സുലൈമാൻ സേട്ട് പ്രഥമ പുരസ്‌കാരം 2019-ൽ ഡോ. സെബാസ്റ്റിയൻ പോളിനാണ് നൽകിയത്. ഡോ. സെബാസ്റ്റിയൻ പോൾ, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തീരുമാനിച്ചത്. 
 കുറഞ്ഞ കാലത്തിനിടെ പാർല്ലമെന്റിൽ മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാനും മതനിരപേക്ഷ, ഇടതുനിരയിലെ ഉറച്ച ശബ്ദമായും തെളിച്ചമുള്ള നിലപാടിനുടമയായും മാറിയതിനാണ് ബ്രിട്ടാസിന് പുരസ്‌ക്കാരം. നാലര പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന മാജിക് ജീവിതത്തിന് വിട പറഞ്ഞ്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് വ്യത്യസ്തവും സാഹസികവുമായ സംരംഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ ഐ.എം.സി.സി സൗദി പ്രസിഡന്റ് സഈദ് കള്ളിയത്ത്, കുഞ്ഞാവുട്ടി എന്നിവരും പങ്കെടുത്തു.

Latest News