റിയാദ് - സൗദി ബ്രിട്ടീഷ് ബാങ്കും (സാബ്) അൽഅവ്വൽ ബാങ്കും ലയിക്കുന്നു. ഇക്കാര്യത്തിൽ ഇരു ബാങ്കുകളും തമ്മിൽ നടത്തുന്ന ചർച്ചകൾ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ലയനത്തിന് ഇരു ബാങ്കുകളും പ്രാഥമിക ധാരണയിലെത്തിയതായി അൽഅവ്വൽ ബാങ്ക് അറിയിച്ചു. ലയനത്തിലൂടെ സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് നിലവിൽവരും. ലയനത്തിലൂടെ നിലവിൽവരുന്ന പുതിയ ബാങ്കിന്റെ ആസ്തി 7700 കോടി ഡോളറാകുമെന്നാണ് കണക്കാക്കുന്നത്.
സൗദിയിൽ ഇരുപതു വർഷത്തിനിടയിലെ പ്രധാന ബാങ്ക് ലയനമാണിത്. സാമ്പത്തിക പരിവർത്തന പദ്ധതി നടപ്പാക്കുന്നതിനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സൗദി അറേബ്യ ശ്രമിക്കുന്നതിനിടെയാണ് പുതിയ ലയനം. ഓഹരി കൈമാറ്റ നിരക്കിൽ ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ ധാരണയിലെത്തിയിട്ടുണ്ട്.
സാബിന്റെ നാൽപതു ശതമാനം ഓഹരികൾ എച്ച്.എസ്.ബി.സി ഹോൾഡിംഗ്‌സിനും അൽഅവ്വൽ ബാങ്കിന്റെ നാൽപതു ശതമാനം ഓഹരികൾ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റിനുമാണ്. ലയന ചർച്ചകൾ ആരംഭിക്കുന്നതിന് തീരുമാനത്തിലെത്തിയതായി ഇരു ബാങ്കുകളും കഴിഞ്ഞ വർഷം ഏപ്രിലിൽ അറിയിച്ചിരുന്നു. ലയനത്തിന് ഇരു ബാങ്കുകളും അന്തിമ കരാറിലെത്തിയിട്ടില്ല. ഇതിന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അടക്കമുള്ള റെഗുലേറ്ററി അതോറിറ്റികളുടെ വ്യവസ്ഥകൾ പാലിക്കുകയും ഓഹരിയുടമകളുടെ അനുമതി ലഭിക്കുകയും വേണമെന്ന് അൽഅവ്വൽ ബാങ്ക് പറഞ്ഞു.